ന്യൂഡൽഹി: കിൽത്താൻ ദ്വീപിലെ വിദ്യാഭ്യാസ മേഖലയിൽ ലക്ഷദ്വീപ് വിദ്യാഭ്യാസ വകുപ്പ് നടത്തിയ തെറ്റായ പരിഷ്കാരങ്ങൾക്കെതിരെ യുവ മോർച്ചാ സംസ്ഥാന പ്രസിഡന്റും കിൽത്താൻ ദ്വീപ് സ്വദേശിയുമായ മഹദാ ഹുസൈൻ ദേശീയ വിദ്യാഭ്യാസ മന്ത്രാലയത്തെ സമീപിച്ചിരുന്നു. സ്കൂളുകൾ തമ്മിലുള്ള ലയനം ദ്വീപുകളിൽ വളരെയധികം ചർച്ചയായിരുന്നു. കിൽത്താൻ ദ്വീപിൽ പുനർനിർമ്മാണ പ്രവർത്തനങ്ങൾ നടന്നുകൊണ്ടിരുന്ന ഗവൺമെന്റ് ജൂനിയർ ബേസിക് സ്കൂൾ കെട്ടിടത്തിന്റെ നിർമ്മാണ പ്രവർത്തനങ്ങൾ 2022 ഫെബ്രുവരി മാസം നിർത്തലാക്കുകയും ചെയ്തിരുന്നു. ഈ സ്കൂളിൽ പഠനം നടത്തി കൊണ്ടിരിക്കുന്ന വിദ്യാർത്ഥികളെ മുഴുവനും ജൂനിയർ ബേസിക് സ്കൂൾ നോർത്തിലേക്ക് ലയിപ്പിക്കുകയും ചെയ്തു. ഈ വിഷയം നിരന്തരമായി ലക്ഷദ്വീപ് വിദ്യാഭ്യാസ വകുപ്പുമായി ചർച്ച ചെയ്തിട്ടും യാതൊരു നടപടിയും കൈക്കൊണ്ടിരുന്നില്ല. ഇതിനെതിരെ കിൽത്താൻ ബി.ജെ.പി ഘടകം സ്കൂളിനു മുന്നിൽ സത്യാഗ്രഹ സമരം നടത്തുകയും ലക്ഷദ്വീപ് വിദ്യാഭ്യാസ ഡയറക്ടർ നേരിട്ടെത്തി കാര്യങ്ങൾ വിലയിരുത്തി തിരിച്ചു പോവുകയും ചെയ്തെങ്കിലും ഇതുവരെയായി യാതൊരുവിധ നടപടികളും കൈക്കൊണ്ടിട്ടില്ല.

നാഷണൽ എജുക്കേഷൻ പോളിസിക്കും, റൈറ്റ് റ്റു എജുക്കേഷൻ ആക്ടിനും ഘടകവിരുദ്ധമായാണ് ലക്ഷദ്വീപ് വിദ്യാഭ്യാസ വകുപ്പ് ഈ തീരുമാനങ്ങൾ കൈക്കൊണ്ടത്. ലക്ഷദ്വീപ് വിദ്യാഭ്യാസ വകുപ്പ് മൗനം തുടരുന്ന ഈ അവസരത്തിലാണ് യുവമോർച്ച സംസ്ഥാന പ്രസിഡണ്ട് കേന്ദ്ര വിദ്യാഭ്യാസ മന്ത്രാലയത്തിന് പരാതി സമർപ്പിച്ചത്. ഗവൺമെന്റ് ജൂനിയർ ബേസിക് സ്കൂളിന്റെ പുനർനിർമാണം പുനരാരംഭിക്കണം എന്നതുൾപ്പെടെയുള്ള ആവശ്യങ്ങൾ ഉന്നയിച്ചുകൊണ്ടുള്ള പരാതിയിൽ കേന്ദ്ര വിദ്യാഭ്യാസ മന്ത്രാലയം പരാതി പരിശോധിക്കാൻ ലക്ഷദ്വീപ് വിദ്യാഭ്യാസ ഡയറക്ട്ടറിന് നിർദ്ദേശം നൽകി. ഈ പരാതി പരിഹരിക്കുകയും നടപടി സ്വീകരിച്ച് മന്ത്രാലയത്തിനും യുവമോർച്ച സംസ്ഥാന അധ്യക്ഷൻ മഹദാ ഹുസൈനും അറിയിക്കണമെന്നുമാണ് കേന്ദ്ര വിദ്യാഭ്യാസ മന്ത്രാലയത്തിലേ കേന്ദ്ര ഭരണ പ്രദേശങ്ങളുടെ ചുമതലയുള്ള ഡെപ്യൂട്ടി ഡയറക്ടർ ഡോ.മുകേഷ് ശർമ്മ ലക്ഷദ്വീപ് വിദ്യാഭ്യാസ വകുപ്പ് ഡയറക്ടർക്ക് അയച്ച കത്തിൽ പറയുന്നത്.

LEAVE A REPLY

Please enter your comment!
Please enter your name here