കവരത്തി: എം.പിമാരെ പരസ്പരം ട്രോളുകയല്ല, മറിച്ച് ലക്ഷദ്വീപിൽ ജനാധിപത്യ ഭരണ സംവിധാനത്തിന് വേണ്ടി ഒറ്റക്കെട്ടായി പോരാടുകയാണ് വേണ്ടത് എന്ന് ലാക്ട്യൂബ് യൂറ്റൂബ് ചാനലിലൂടെ സലാഹുദ്ദീൻ പീച്ചിയത്ത് പറഞ്ഞു. ലക്ഷദ്വീപിലെ തിരഞ്ഞെടുക്കപ്പെടുന്ന എം.പിമാർക്ക് ലക്ഷദ്വീപ് ഭരണകൂടം എടുക്കുന്ന സർക്കാർ നയങ്ങളിൽ ഒരു റോളുമില്ല എന്ന യാഥാർത്ഥ്യം മനസ്സിലാക്കാൻ എല്ലാ രാഷ്ട്രീയ കക്ഷികളും തയ്യാറാവണം. ലക്ഷദ്വീപ് ഭരണകൂടത്തിന്റെ ഓരോ വർഷത്തെയും പ്രവർനങ്ങൾ തീരുമാനിക്കുന്ന ബഡ്ജറ്റ് മീറ്റിംഗുകളിൽ പോലും എം.പി അടക്കമുള്ള ഒരു ജനപ്രതിനിധിയെയും ഉൾക്കൊള്ളിക്കുന്നില്ല. എം.പി എന്ന നിലയ്ക്ക് കേന്ദ്രത്തിൽ നിന്നും എന്തെങ്കിലും ഫണ്ടുകൾ അധികമായി ലഭ്യമാക്കാൻ ശ്രമങ്ങൾ നടത്തിയാലും, ആ ഫണ്ടുകളുടെ വിനിയോഗം ഏത് രീതിയിലാവണം എന്ന വിഷയത്തിൽ പലപ്പോഴും എം.പിമാരോട് ലക്ഷദ്വീപ് ഭരണകൂടം അഭിപ്രായം പോലും തേടാറില്ല എന്നതാണ് യാഥാർഥ്യം.
അതുകൊണ്ട് തന്നെ, ലക്ഷദ്വീപിലെ തിരഞ്ഞെടുക്കപ്പെടുന്ന ജനപ്രതിനിധികൾക്ക് സർക്കാർ നയങ്ങൾ തീരുമാനിക്കുന്നതിന് അവസരം ഉണ്ടാവണം. അതിന് ലക്ഷദ്വീപിന് സ്വയം ഭരണാധികാരമുള്ള ജനപ്രതിനിധി സഭയുണ്ടാവണം. അതിനുവേണ്ടി യോജിച്ച പോരാട്ടമാണ് ഉണ്ടാവേണ്ടത്. ലക്ഷദ്വീപിലെ എല്ലാ രാഷ്ട്രീയ പ്രസ്ഥാനങ്ങളും അത്തരം ഒരു ആവശ്യവുമായി യോജിച്ച പോരാട്ടത്തിനിറങ്ങിയാൽ മുഴുവൻ ജനങ്ങളും രാജ്യത്തെ മുഴുവൻ ജനാധിപത്യ വിശ്വാസികളും ആ പോരാട്ടത്തിനൊപ്പം നിൽക്കും എന്ന് സലാഹുദ്ദീൻ പീച്ചിയത്ത് ദ്വീപ് മലയാളിയോട് പറഞ്ഞു.