
കവരത്തി: ലോക പരിസ്ഥിതി ദിനത്തിന്റെ ഭാഗമായി സീ.ക്യു പ്രീ സ്കൂൾ നെറ്റ്‌വർക്ക് സംഘടിപ്പിക്കുന്ന 15000 വൃക്ഷത്തൈകൾ നട്ട് മൂന്നുവർഷം പരിപാലിക്കുന്ന പ്ലാന്റ് ദി പ്ലാനറ്റ് പദ്ധതിയുടെ ലക്ഷദ്വീപ് തല ഉദ്ഘാടനം ഡാനിക്സ് ഓഫീസർ ബുസർ ജംഹർ ഉദ്ഘാടനം ചെയ്തു. ഇന്ത്യയിലും വിദേശ രാജ്യങ്ങളിലുമായി 152 സ്കൂളുകളാണ് സീ.ക്യു പ്രീസ്കൂളിന് കീഴിൽ പ്രവർത്തിക്കുന്നത്. വിവിധ സ്കൂളുകളിലെ പതിനയ്യായിരം വിദ്യാർത്ഥികൾ ഓരോ തൈവീതം നട്ട്, അതിനൊരു പേരിട്ട്, ചെടിയുടെ വളർച്ച ഘട്ടങ്ങളെ നിരീക്ഷിച്ച് അവ ക്ലാസ്സിൽ അവതരിപ്പിച്ച് മൂന്നുവർഷം പരിപാലിക്കുന്നതാണ് പദ്ധതി.
ഇതിന്റെ ഗ്ലോബൽ ഉദ്ഘാടനം കേരള പരിസ്ഥിതി വനം വകുപ്പ് മന്ത്രി എ കെ ശശീന്ദ്രൻ കഴിഞ്ഞ ദിവസം നിർവഹിച്ചിരുന്നു. കർണാടക സംസ്ഥാന ഉദ്ഘാടനം നിയമസഭാ സ്പീക്കർ യു.ടി ഖാദറും, വിവിധ ഇടങ്ങളിൽ ഡോ. അബ്ദുൽ ഹക്കീം അസ്ഹരി, സി.പി ഉബൈദുള്ള സഖാഫി, സീ.ക്യു ഡെപ്യൂട്ടി ഡയറക്ടർ സി.കെ.എം ഷാഫി സഖാഫി തുടങ്ങിയവരും നിർവഹിച്ചു. ലക്ഷദ്വീപ് തല ഉദ്ഘാടന ചടങ്ങിൽ ഹെലൻ കെല്ലർ അവാർഡ് ജേതാവ് ഉമറുൽ ഫാറൂഖ്, മർക്കസ് സീ.ക്യു മാനേജ്മെന്റ് പ്രതിനിധികൾ തുടങ്ങിയവർ സംബന്ധിച്ചു. ബിത്ര, മിനിക്കോയ് ഒഴികെ മറ്റെല്ലാ ദ്വീപുകളിലും സീ.ക്യു സ്കൂളുകൾ നിലവിലുണ്ട്.
