കവരത്തി: ഇന്നലെ മുതൽ ആരംഭിച്ച വെസൽ, ടഗ് ജീവനക്കാരുടെ സമരം വിജയത്തിലേക്ക്. അർഹമായ ശമ്പള പരിഷ്കരണം നൽകാൻ ലക്ഷദ്വീപ് അഡ്മിനിസ്ട്രേഷൻ തലത്തിൽ തീരുമാനമായി. അതേസമയം ശമ്പളം അക്കൗണ്ടിൽ എത്തുന്നത് വരെ സമരം തുടരുമെന്ന് സമരത്തിലുള്ള ജീവനക്കാർ അറിയിച്ചു.

നാഷണൽ മാരിടൈം ബോർഡിന് കീഴിലാണ് ലക്ഷദ്വീപിലെ കപ്പലുകൾ സർവ്വീസ് നടത്തി വരുന്നത്. എൻ.എം.ബി മാനദണ്ഡം അനുസരിച്ചുള്ള ശമ്പള പരിഷ്കരണം 2018 മുതൽ നടപ്പിലാക്കാതെ ലക്ഷദ്വീപ് ഭരണകൂടം നീട്ടിക്കൊണ്ടു പോവുകയായിരുന്നു. പലവട്ടം കമ്പനി അധികൃതരുമായി ചർച്ച നടത്തിയെങ്കിലും ജീവനക്കാർക്ക് അനുകൂലമായ തീരുമാനം ഉണ്ടായില്ല. തുടർന്ന് മാസങ്ങൾക്ക് മുന്നേ എല്ലാ കപ്പൽ ജീവനക്കാരും ഒരു മണിക്കൂർ നേരത്തേക്ക് പണിമുടക്കിയിരുന്നു. ആ സമരത്തെ തുടർന്ന് ശമ്പള പരിഷ്കരണത്തിന് ലക്ഷദ്വീപ് ഭരണകൂടം തയ്യാറായി. എന്നാൽ അന്ന് എൻ.എം.ബിക്ക് ലക്ഷദ്വീപ് ഡെവലപ്മെന്റ് കോർപ്പറേഷൻ ലിമിറ്റഡ് (എൽ.ഡി.സി.എൽ) നൽകിയ രേഖകളിൽ ലക്ഷദ്വീപിലെ ഹൈസ്പീഡ് വെസലുകളെയും ടഗ് ബോട്ടുകളെയും ഹാർബർ ക്രാഫ്റ്റ്, ഹാർബർ ടഗ് എന്ന കാറ്റഗറിയായാണ് നൽകിയത്. അന്നത്തെ ക്രൂ മാനേജരായിരുന്ന നവീൻ കുര്യനാണ് ഇത്തരം ഒരു ക്ലോസ് വെച്ചു കൊണ്ട് കപ്പൽ ജീവനക്കാരുടെ ശമ്പളം ഗണ്യമായി കുറയ്ക്കാനുള്ള കുത്സിത നീക്കം നടത്തിയത് എന്ന് കപ്പൽ ജീവനക്കാർ ആക്ഷേപിക്കുന്നു. ചില ഹാർബറുകളുടെ അകത്തു മാത്രം സർവ്വീസ് നടത്തുന്ന കപ്പലുകളെയാണ് സാധാരണ ഹാർബർ കപ്പലുകളായി പരിഗണിക്കുന്നത്. എന്നാൽ, നിലവിൽ ഹോം ട്രേഡ് കാറ്റഗറിയിലുള്ള, ഒരു ദൂരപരിധിയുമില്ലാതെ ലക്ഷദ്വീപിലെ എല്ലാ ദ്വീപുകളിലേക്കും വൻകരയിലേക്കും നിരന്തരമായി ഓടുന്ന ഹൈസ്പീഡ് വെസലുകളെയും ടഗ് ബോട്ടുകളെയും ഹാർബർ കപ്പലുകളായി തരംതിരിച്ചതിനെതിരെ അന്ന് തന്നെ കപ്പൽ ജീവനക്കാരുടെ സംഘടന അധികൃതരെ സമീപിച്ചിരുന്നു. ഈ കപ്പലുകളെ ഹാർബർ കപ്പലുകളായി തരംതിരിച്ചതോടെ ജീവനക്കാരുടെ ശമ്പളം ഗണ്യമായി കുറഞ്ഞു. നിരവധി തവണ ഇതുമായി ബന്ധപ്പെട്ട് ചർച്ചകൾ നടന്നിരുന്നു. യാത്രക്കാരുടെ ബുദ്ധിമുട്ട് കൂടി പരിഗണിച്ച് പണിമുടക്ക് സമരം പരമാവധി ഒഴിവാക്കാനാണ് ജീവനക്കാർ ശ്രമിച്ചത്.

ശമ്പളത്തിന്റെ കാര്യത്തിൽ അനുകുലമായ തീരുമാനം ഉണ്ടാവാത്തതിനെ തുടർന്ന് രണ്ടു മാസത്തോളം കാത്തിരുന്ന ശേഷം വീണ്ടും കപ്പൽ ജീവനക്കാർ സമരം പ്രഖ്യാപിച്ചിരുന്നു. അന്ന് അധികൃതർ നേരിട്ടെത്തി ജീവനക്കാരുമായി സംസാരിച്ചു. നിങ്ങളുടെ ആവശ്യം ന്യായമാണെന്നും അത് അംഗീകരിക്കുന്നു എന്നും, എന്നാൽ നടപടിക്രമങ്ങൾ പൂർത്തിയാക്കുന്നതിന് പത്ത് ദിവസം സമയം വേണമെന്നും അധികൃതർ ആവശ്യപ്പെട്ടതിനെ തുടർന്ന് കപ്പൽ ജീവനക്കാർ സമരം പിൻവലിക്കുകയായിരുന്നു. ആ പത്തു ദിവസവും, അധികമായി വീണ്ടും പത്തു ദിവസവും യാത്രക്കാരുടെ ബുദ്ധിമുട്ട് പരിഗണിച്ചു കൊണ്ട് സമരത്തിലേക്ക് നീങ്ങാതിരിക്കാനാണ് ജീവനക്കാർ ശ്രമിച്ചത്.കഴിഞ്ഞ രണ്ടര മാസമായി ശമ്പളമില്ലാതെയാണ് ഇവർ ജോലി ചെയ്യുന്നത്. ഭക്ഷണത്തിന് പോലും കയ്യിൽ പണമില്ലാത്ത അവസ്ഥയാണ് പലർക്കും. സീസൺ അവസാനിച്ചതോടെ അടുത്ത ദിവസങ്ങളിലായി കപ്പലുകൾ കൊച്ചിയിലേക്ക് പോവേണ്ടതുണ്ട്. കയ്യിൽ പണമില്ലാതെ കൊച്ചിയിൽ പിടിച്ചു നിൽക്കാനാവില്ല എന്ന് ജീവനക്കാർ പറയുന്നു. ഈ സാഹചര്യത്തിലാണ് ഇന്നലെ മുതൽ വെസൽ, ടഗ് ജീവനക്കാർ പണിമുടക്കിലേക്ക് നീങ്ങിയത്. ഇന്നലെ മുതൽ ജീവനക്കാർ സമരത്തിലേക്ക് നീങ്ങുമെന്ന് ഉറപ്പായതോടെ അധികൃതർ പലരും കപ്പൽ ജീവനക്കാരെ ബന്ധപ്പെട്ടിരുന്നു. വിമാനയാത്രക്കായി കവരത്തിയിൽ നിന്നും അഗത്തിയിലേക്ക് പോകുന്നവരെ എത്തിക്കാനായി ഒരു ഹൈസ്പീഡ് വെസലെങ്കിലും ഓടിക്കണം എന്നായിരുന്നു അവരുടെ ആവശ്യം. സാധാരണക്കാരായ യാത്രക്കാരെ അവഗണിച്ചു കൊണ്ട് വിമാന യാത്രക്കാർക്ക് വേണ്ടി ഒരു കാരണവശാലും വെസൽ ഓടില്ല എന്ന് വെസൽ ജീവനക്കാർ തീർത്തു പറഞ്ഞു.

ഇതിനെ തുടർന്ന് ഇന്നലെ കവരത്തിയിൽ തിരക്കിട്ട ചർച്ചകൾ നടന്നു. ജീവനക്കാരുടെ ആവശ്യങ്ങൾ അംഗീകരിച്ചു കൊണ്ട് പുതുക്കിയ ശമ്പളം 2019 ഏപ്രിൽ ഒന്നു മുതൽ മുൻകാല പ്രാബല്യത്തിൽ നൽകാൻ തീരുമാനിച്ചതായി അറിയിച്ചു കൊണ്ട് എൽ.ഡി.സി.എൽ ജനറൽ മാനേജറിന് ലക്ഷദ്വീപ് പോർട്ട്, ഷിപ്പിംഗ് ആന്റ് ഏവിയേഷൻ വകുപ്പ് ഡയറക്ടർ ഡോ.ആർ.ഗിരിശങ്കർ ഐ.എ.എസ് കത്തയച്ചു. ഇതോടെ കപ്പൽ ജീവനക്കാരുടെ സമരം വമ്പിച്ച വിജയമായി മാറുകയാണ്. ഇന്ന് തന്നെ ശമ്പളം കപ്പൽ ജീവനക്കാരുടെ അക്കൗണ്ടുകളിൽ എത്തുമെന്നാണ് പ്രതീക്ഷിക്കുന്നത്. തങ്ങളുടെ അർഹമായ ആവശ്യം അംഗീകരിച്ച ലക്ഷദ്വീപ് അഡ്മിനിസ്ട്രേഷന്റെ തീരുമാനത്തിൽ സന്തോഷമുണ്ടെന്നും, എന്നാൽ ശമ്പളം അക്കൗണ്ടിൽ എത്തുന്നത് വരെ സമരം തുടരുമെന്നും കപ്പൽ ജീവനക്കാർ പ്രതികരിച്ചു.

Lakshadweep Ship crew strike to a Big victory. Salary revision approved by Lakshadweep administration.

LEAVE A REPLY

Please enter your comment!
Please enter your name here