ആന്ത്രോത്ത്: ബി.ജെ.പിയെ ജനം വെറുത്തു എന്നും സ്വന്തം ചിഹ്നത്തിൽ മത്സരിക്കാൻ പോലും കഴിയാത്ത വിധം അവർ ജനങ്ങൾക്കിടയിൽ ഒറ്റപ്പെട്ടു എന്നും ലക്ഷദ്വീപ് എം.പി മുഹമ്മദ് ഫൈസൽ. എൻ.സി.പി അജിത് പവാർ പക്ഷത്തിന്റെ ടിക്കറ്റിൽ ഘടികാരം ചിഹ്നത്തിൽ സ്ഥാനാർഥിയെ നിർത്തി ബി.ജെ.പി പിന്തുണ നൽകാനുള്ള തീരുമാനത്തെ കുറിച്ച് ദ്വീപ് മലയാളിയോട് പ്രതികരിക്കുകയായിരുന്നു അദ്ദേഹം.

ലക്ഷദ്വീപിലെ എല്ലാ മേഖലകളിലും ജനദ്രോഹ നടപടികൾ സ്വീകരിച്ച പ്രഫുൽ കോഡാ പട്ടേലിന്റെ നടപടികൾക്കെതിരെ ശക്തമായ നിലപാടുമായി ജനങ്ങൾക്കൊപ്പം നിന്നത് എൻ.സി.പിയാണെന്ന് അദ്ദേഹം പറഞ്ഞു. അതുകൊണ്ട് തന്നെ ഞാൻ ഉൾപ്പെടെ പാർട്ടി പ്രവർത്തകരെ രാഷ്ട്രീയമായി ഇല്ലാതാക്കാനുള്ള ശ്രമങ്ങൾ നടന്നു. ആ ഭരണകൂടത്തിന്റെ കൂടെ നിന്ന ബി.ജെ.പിയെ ലക്ഷദ്വീപ് ജനത ഒറ്റപ്പെടുത്തി കഴിഞ്ഞു. അതുകൊണ്ടാണ് അവർ സ്വന്തം ചിഹ്നത്തിൽ മത്സരിക്കാൻ പോലും തയ്യാറാവാത്തത്.

ലക്ഷദ്വീപിലെ വോട്ടർമാർക്ക് ഏറെ വൈകാരികമായ ചിഹ്നമാണ് ഘടികാരം. അതു മുന്നിൽ കണ്ടാണ് പുതിയ കളിയുമായി ബി.ജെ.പി തിരഞ്ഞെടുപ്പിനെ നേരിടാൻ തയ്യാറാവുന്നത്. ഇനി ആരെങ്കിലും പ്രായമായ ആളുകൾ അവർ നെഞ്ചോട് ചേർത്ത ചിഹ്നത്തിൽ അറിയാതെ വോട്ട് ചെയ്താൽ അതുകൊണ്ട് മേനി നടിക്കാനുള്ള ശ്രമം ജനങ്ങൾ തിരിച്ചറിയും. നല്ല രാഷ്ട്രീയ ബോധ്യമുള്ളവരാണ് ലക്ഷദ്വീപിലെ ജനങ്ങൾ. അവർ ഈ പ്രസ്ഥാനത്തിന്റെ നിലപാടുകൾക്കും ആശയങ്ങൾക്കും ഒപ്പമാണ്. ആ ആദർശത്തിനാണ് അവർ കഴിഞ്ഞ രണ്ടു തവണയും വോട്ട് രേഖപ്പെടുത്തിയത്. അതുകൊണ്ട് തന്നെ ഇത്തവണയും അവർ ആ ആദർശത്തിന് വോട്ട് രേഖപ്പെടുത്തും. കേവലം ചിഹ്നത്തിനല്ല വോട്ട് എന്ന് ജനങ്ങൾ തീരുമാനിക്കും. ലക്ഷദ്വീപ് എൻ.സി.പിയുടെ ഒരു വോട്ട് പോലും ബി.ജെ.പിയുടെ മുഖം മൂടിയണിഞ്ഞ സ്ഥാനാർഥിക്ക് ലഭിക്കില്ല. ശരത് പവാറിന്റെ നേതൃത്വത്തിലുള്ള എൻ.സി.പി വലിയ ഭൂരിപക്ഷത്തോടെ വിജയിക്കും എന്നും അദ്ദേഹം പറഞ്ഞു.

LEAVE A REPLY

Please enter your comment!
Please enter your name here