ന്യൂഡൽഹി: വരുന്ന പൊതു തിരഞ്ഞെടുപ്പിൽ ലക്ഷദ്വീപിൽ ബി.ജെ.പിയുടെ താമര ചിഹ്നത്തിൽ സ്ഥാനാർഥി ഉണ്ടാവില്ല. ക്ലോക്ക് ചിഹ്നത്തിൽ മത്സരിക്കുന്ന എൻ.സി.പി അജിത് പവാർ പക്ഷത്തിന്റ സ്ഥാനാർഥിയെ ബി.ജെ.പി പിന്തുണക്കും. ബി.ജെ.പി ദേശീയ ജനറൽ സെക്രട്ടറി വിനോദ് ടൗഡേയാണ് സാമൂഹിക മാധ്യമമായ എക്സ് വഴി ഇക്കാര്യം സ്ഥിരീകരിച്ചത്.

“ലക്ഷദ്വീപിൽ എൻ.സി.പി അജിത് പവാർ പക്ഷം സ്ഥാനാർഥിയെ ബി.ജെ.പി പൂർണ്ണമായി പിന്തുണക്കും. കൂട്ടായി എൻ.ഡി.എ മുന്നണിക്ക് വിജയം നേടാനാവും, എൻ.ഡി.എ വിജയിക്കും” അദ്ദേഹം എക്സിൽ കുറിച്ചു.

 

നിലവിൽ എൻ.സി.പി നേതാവ് മുഹമ്മദ് ഫൈസലാണ് ലോക്സഭയിൽ ലക്ഷദ്വീപിനെ പ്രതിനിധീകരിക്കുന്നത്. എൻ.സി.പി ദേശീയ തലത്തിൽ പിളർന്നതോടെ എം.പി അടക്കമുള്ള എൻ.സി.പി ലക്ഷദ്വീപ് ഘടകം ശരത് പവാറിനൊപ്പമാണ്. എൻ.സി.പി നേതാവായിരുന്ന കവരത്തി ദ്വീപ് സ്വദേശി ടി.വി അബ്ദുൽ റസാഖ് മാത്രമാണ് അജിത് പവാർ പക്ഷത്തോടൊപ്പം ചേർന്നത്. അദ്ദേഹത്തെ സംസ്ഥാന അധ്യക്ഷനായി നിയമിച്ചു കൊണ്ട് അജിത് പവാർ പക്ഷം നേതാവ് പ്രഫുൽ പട്ടേൽ നേരത്തെ ഉത്തരവ് പുറപ്പെടുവിച്ചിരുന്നു.

കഴിഞ്ഞ മൂന്ന് തിരഞ്ഞെടുപ്പിലും ലക്ഷദ്വീപിലെ പാർട്ടി സ്ഥാനാർത്ഥി ഉപയോഗിച്ചത് ഘടികാരം ചിഹ്നമാണ്. അതുകൊണ്ട് തന്നെ പാർട്ടി പ്രവർത്തകർക്ക് ആ ചിഹ്നത്തോട് വൈകാരികമായ ഇഷ്ടമുണ്ട്. ആ ഇഷ്ടം വോട്ടാക്കി മാറ്റാം എന്ന കുതന്ത്രമാണ് ബി.ജെ.പി സ്വീകരിക്കുന്നത്. പാർട്ടിയുടെ പിളർപ്പിന് ശേഷം പാർട്ടിയുടെ ഔദ്യോഗിക പേരും ഘടികാരം ചിഹ്നവും അജിത് പവാർ പക്ഷത്തിനാണ് നൽകിയിരിക്കുന്നത്. അതുകൊണ്ടാണ് അജിത് പവാർ പക്ഷത്തിന്റെ പേരിൽ ബി.ജെ.പിയുടെ അനൗദ്യോഗിക സ്ഥാനാർഥിയെ നിർത്തി, ചിഹ്നം മാറി വോട്ട് ചെയ്തിട്ട് എങ്കിലും കുറച്ച് വോട്ടുകൾ സമാഹരിക്കാൻ സാധിക്കുമോ എന്ന കുതന്ത്രവുമായി ബി.ജെ.പി തിരഞ്ഞെടുപ്പിനെ നേരിടാൻ തയ്യാറാവുന്നത്. എന്നാൽ ആരെ സ്ഥാനാർഥിയായി രംഗത്തിറക്കണം എന്ന കാര്യത്തിൽ ഇതുവരെയും തീരുമാനമായിട്ടില്ല.

LEAVE A REPLY

Please enter your comment!
Please enter your name here