കവരത്തി: ലക്ഷദ്വീപിനോട് ചേർന്ന് കിടക്കുന്ന കടലിലും അവിടുത്തെ പ്രധാന മത്സ്യമായ ചൂരയിലും മൈക്രോ പ്ലാസ്റ്റിക് സാന്നിധ്യമുള്ളതായി ശാസ്ത്ര പഠന റിപ്പോർട്ട്. ഈ ദീപ് സമൂഹത്തിന് ചുറ്റുമുള്ള സമുദ്ര ജലത്തിൽ ഈ അളവിൽ മൈക്രോ പ്ലാസ്റ്റിക് കണികകൾ എങ്ങനെ എത്തുന്നു എന്നതും സമുദ്ര പരിസ്ഥിതിയിലും ഭക്ഷ്യ ശൃംഖലയിലും മനുഷ്യരിലും ഇതുണ്ടാക്കുന്ന ദുരവ്യാപക പ്രത്യാഘാതങ്ങളും അറിയാനുള്ള തുടർ പഠനങ്ങൾ ആവശ്യമാണെന്നും റിപ്പോർട്ടിൽ പറയുന്നു.
കൊച്ചിയിലെ നാഷണൽ ഇൻസ്റ്റ്യൂട്ട് ഓഫ് ഓഷനോഗ്രഫിയിലെയും കൊച്ചി സ്വിഫ്റ്റിലെയും ശാസ്ത്രസംഘം ചേർന്ന് തയ്യാറാക്കിയ പഠന റിപ്പോർട്ടിൽ ആണ് ഈ കാര്യത്തെക്കുറിച്ച് വിശദീകരിക്കുന്നത്. ശാസ്ത്രസംഘത്തിന്റെ പഠന റിപ്പോർട്ട് രാജ്യാന്തര ശാസ്ത്ര ജേണലായ എൻവിയോൺമെന്റ് സയൻസ് ആൻഡ് പൊലൂഷൻ റിസർച്ച് പ്രസിദ്ധപ്പെടുത്തി. കവർത്തി ദ്വീപിന് ചുറ്റുമുള്ള കടൽത്തീരങ്ങളിൽ നിന്നും ശേഖരിച്ച ഉപരിതല സമുദ്ര ജല സാമ്പിളുകളും ചൂര വിഭാഗത്തിൽപ്പെട്ട 30 മത്സ്യങ്ങളുമാണ് പഠനവിധേയമാക്കിയത്. സമുദ്ര ജലത്തിന്റെ 80 ലിറ്റർ സാമ്പിളിൽ നിന്ന് 424 മൈക്രോ പ്ലാസ്റ്റിക് കണികകൾ വേർതിരിച്ചെടുത്തു.
മത്സ്യത്തിന്റെ എല്ലാ സാമ്പിളിലും മൈക്രോ പ്ലാസ്റ്റിക് സാന്നിധ്യം കണ്ടെത്തി. 30 സാമ്പിൾ പരിശോധിച്ചതിൽ 117 മൈക്രോ പ്ലാസ്റ്റിക് കണികകൾ കണ്ടെത്തിയിട്ടുണ്ട്. മറ്റു മേഖലകളെ അപേക്ഷിച്ച മൈക്രോ പ്ലാസ്റ്റിക് സാന്നിധ്യം ഇവിടെ കുറവാണെന്ന് ആശ്വസിക്കാം എങ്കിലും പോളിമറകളുടെ സാന്നിധ്യം കണ്ടെത്തിയത് ഒട്ടും ആശ്വാസമല്ല. പരിശോധനയിൽ ലഭ്യമായ മലിനീകരണ സൂചിക പവിഴപ്പുറ്റുകളും അനുബന്ധ ജീവികളും ദ്വീപിലെ ജൈവവൈവിധ്യം പൊതുവേയും നേരിടുന്ന ഭീഷണിയുടെ സൂചന നൽകുന്നതാണ്.