
കോഴിക്കോട്: കോഴിക്കോട് മെഡിക്കൽ കോളേജിൽ കടമത്ത് ദ്വീപ് സ്വദേശിനിയുടെ പേരുവിവരങ്ങൾ ഉപയോഗിച്ച് വ്യാജ ഡോക്ടർ ചമഞ്ഞ സ്ത്രീ പിടിയിൽ. കടമത്ത് ദ്വീപ് സ്വദേശിനിയായ സുഹറാബി എന്ന സഹോദരിയുടെ പേരുവിവരങ്ങൾ ഉപയോഗിച്ച് കോഴിക്കോട് മെഡിക്കൽ കോളജിലെ ഡോക്ടറാണെന്ന് വ്യാജ ഐ.ഡി കാർഡ് ഉണ്ടാക്കിയാണ് ഈ സ്ത്രീ മെഡിക്കൽ കോളേജിൽ എത്തിയത്. സംശയം തോന്നിയ സെക്യൂരിറ്റി ജീവനക്കാർ ചോദ്യം ചെയ്തപ്പോഴാണ് ഇവർ പിടിയിലായത്. ഇവരെ പിന്നീട് പോലീസിന് കൈമാറിയിട്ടുണ്ട്. ഇവർക്കെതിരെ ഐ.പി.സി 465, 471 വകുപ്പുകൾ പ്രകാരം കേസ് രജിസ്റ്റർ ചെയ്തിട്ടുണ്ട്.
എന്നാൽ ലക്ഷദ്വീപ് സ്വദേശി പിടിയിലായി എന്ന രൂപത്തിലാണ് കേരളത്തിലെ മാധ്യമങ്ങളിൽ വാർത്ത പ്രചരിക്കുന്നത്. ഐ.ഡി കാർഡിലുള്ള പേരുവിവരങ്ങൾ തന്റേതാണെന്നും, ചിത്രത്തിൽ കാണുന്ന പിടിയിലായ സ്ത്രീ താനല്ലെന്നും, അവർ ആരാണെന്ന് പോലും അറിയില്ലെന്നും കടമത്ത് ദ്വീപ് സ്വദേശിനി സുഹറാബി സാമൂഹിക മാധ്യമങ്ങളിലൂടെ അറിയിച്ചു.
















