ജമ്മു കാശ്മീർ: ദേശീയ ടെന്നീസ് ബോൾ ക്രിക്കറ്റ് ടൂർണമെന്റിൽ വമ്പൻമാരായ ഉത്തർപ്രദേശിനെ മലർത്തിയടിച്ച് ലക്ഷദ്വീപ്. രാജ്യത്തെ ഏറ്റവും കൂടുതൽ ജനസംഖ്യയുള്ള ഉത്തർപ്രദേശിനെ ഏറ്റവും കുറവ് ജനസംഖ്യയുള്ള ലക്ഷദ്വീപ് പരാജയപ്പെടുത്തി എന്നത് തന്നെ നമ്മുടെ താരങ്ങളുടെ മേന്മ വിളിച്ചോതുന്നതാണ്. കഴിഞ്ഞ എട്ടു വർഷമായി തുടർച്ചയായി ചാമ്പ്യന്മാരായ ടീമാണ് ഉത്തർപ്രദേശ്. പതിനഞ്ച് റൺസിനാണ് ലക്ഷദ്വീപ് ടീം ഉത്തർപ്രദേശിനെ പരാജയപ്പെടുത്തിയത്. ലക്ഷദ്വീപിന് വേണ്ടി 19 ബോളുകളിൽ നിന്നും 27 റൺസ് നേടി പുറത്താകാതെ നിന്ന ഇർഷാൻ, 11 ബോളുകളിൽ നിന്നും 13 റൺസ് നേടിയ മുഷ്താഖ് എന്നിവരാണ് ലക്ഷദ്വീപിന്റെ കരുത്തായത്. ബോളിംഗിലും കൃത്യമായ ആധിപത്യം സ്ഥാപിക്കാൻ ലക്ഷദ്വീപ് ടീമിന് സാധിച്ചു. രണ്ട് ഓവറിൽ വെറും ഒൻപത് റൺസ് വഴങ്ങി രണ്ടു വിക്കറ്റുകൾ വീഴ്ത്തിയ മുഷ്താഖ്, ഓരോ വിക്കറ്റ് വീതം നേടിയ അൽത്താഫ്, നസീർ എന്നിവരും ബോളിംഗിൽ ഉത്തർപ്രദേശിന്റെ സ്വപ്നങ്ങൾക്ക് കനത്ത പ്രഹരം തീർത്തു. ആദ്യം ബാറ്റ് ചെയ്ത ലക്ഷദ്വീപ് ടീം എട്ട് ഓവറിൽ നാലു വിക്കറ്റ് നഷ്ടത്തിൽ 59 റൺസ് നേടി. മറുപടി ബാറ്റിംഗിനിറങ്ങിയ ഉത്തർപ്രദേശിന് നിശ്ചിത എട്ട് ഓവറിൽ എട്ടു വിക്കറ്റ് നഷ്ടത്തിൽ 44 റൺസ് നേടാനേ സാധിച്ചുള്ളൂ. ക്യാപ്റ്റൻ ശമീർ ശൈഖിന്റെ നേതൃത്വത്തിലുള്ള ലക്ഷദ്വീപ് ടീം വിജയ കിരീടവുമായി തിരിച്ചു വരുമെന്ന പ്രതീക്ഷയിലാണ് ലക്ഷദ്വീപിലെ കായിക പ്രേമികൾ.

LEAVE A REPLY

Please enter your comment!
Please enter your name here