ബേപ്പൂർ: ബേപ്പൂർ ലക്ഷദ്വീപ് പോർട്ട് ഓഫീസിലേക്ക് എൻ.എസ്.യു.ഐ പ്രതിഷേധ മാർച്ച് നടത്തി. ലക്ഷദ്വീപിന്റെ യാത്രാ ദുരിതത്തിന് പരിഹാരം കാണണം എന്ന് ആവശ്യപ്പെട്ടാണ് മാർച്ച് നടത്തിയത്. പത്തോളം കപ്പലുകൾ യാത്ര സർവ്വീസ് നടത്തിയ സ്ഥലത്ത് നിലവിൽ ഒറ്റ കപ്പൽ മാത്രമാണ് സർവ്വീസ് നടത്തുന്നത്. കൂടുതൽ യാത്രാ കപ്പലുകൾ അനുവദിക്കണമെന്നും വർഷങ്ങളായി പൂട്ടിക്കിടക്കുന്ന കോഴിക്കോട്ടെ ലക്ഷദ്വീപുക്കാരുടെ ഗസ്റ്റ് ഹൗസ് തുറന്ന് പ്രവർത്തിക്കണമെന്നും ഒക്കെയുള്ള ആവശ്യങ്ങൾ ഉന്നയിച്ച് എൻ.എസ്.യു.ഐ നോർത്ത് സോൺ കമ്മിറ്റിയുടെ നേതൃത്വത്തിലാണ് പ്രതിഷേധ മാർച്ച് നടത്തിയത്.
ലക്ഷദ്വീപുകാർക്ക് പ്രധാനപ്പെട്ട ആവശ്യങ്ങൾക്കെല്ലാം വൻ കരയെ ആശ്രയിക്കേണ്ട അവസ്ഥയാണ് ഉള്ളത്. ഒരു കപ്പൽ മാത്രം ഉള്ള സാഹചര്യത്തിൽ ഇത് ദ്വീപ് സ്വദേശികളെ ബുദ്ധിമുട്ടിലാക്കുന്നുണ്ട്. അതിനാൽ തന്നെയ. മുഴുവൻ യാത്ര കപ്പലുകളും ഉടൻ തന്നെ യാത്രക്ക് സജ്ജമാക്കി ഇറക്കണമെന്ന് എൻ.എസ്.യു.ഐ ആവശ്യപ്പെട്ടു.
എൻ.എസ്.യു.ഐ നോർത്ത് സോൺ പ്രസിഡന്റ് അബ്ദുള്ള ആമിർ പ്രതിഷേധ മാർച്ചിന് അധ്യക്ഷത വഹിച്ചു. കെ എസ് യു കോഴിക്കോട് ജില്ലാ പ്രസിഡന്റ് വി ടി സൂരജ് മാർച്ച് ഉത്ഘാടനം ചെയ്തു. എൻ.എസ്.യു.ഐ സംസ്ഥാന സെക്രട്ടറി സുഹൈബ് മുഖ്യ പ്രഭാഷണം നടത്തി. ലക്ഷദ്വീപ് സംസ്ഥാന കോർഡിനേറ്റർമ്മാരയ മുബിൻ സംറൂദ്, നസീബ്, ബേപ്പൂർ യൂത്ത് കോൺഗ്രസ് മണ്ഡലം പ്രസിഡന്റ് ആഷിക്, ചെത്ത്ലാത്ത് കോൺഗ്രസ് പ്രവർത്തകൻ നിയാസ് എന്നിവർ ആശംസകൾ അർപ്പിച്ചു. എൻ.എസ്.യു.ഐ നോർത്ത് സോൺ ജനറൽ സെക്രട്ടറി സുഹൈൽ പരിപാടിക്ക് നന്ദി രേഖപ്പെടുത്തി.