ന്യൂഡൽഹി: ശരത് പവാർ നേതൃത്വം നൽകുന്ന എൻ.സി.പി ശരത് ചന്ദ്ര പവാർ പാർട്ടിക്ക് കേന്ദ്ര തിരഞ്ഞെടുപ്പ് കമ്മീഷൻ ലോക്സഭാ തെരഞ്ഞെടുപ്പിന് വേണ്ടിയുള്ള തിരഞ്ഞെടുപ്പ് ചിഹ്നം അനുവദിച്ചു. “കൊമ്പുവിളിക്കുന്ന മനുഷ്യൻ” ആണ് തിരഞ്ഞെടുപ്പ് ചിഹ്നമായി അനുവദിച്ചിരിക്കുന്നത്. മഹാരാഷ്ട്രയിലെ ലോക്സഭാ മണ്ഡലങ്ങളിൽ ഈ ചിഹ്നം അനുവദിച്ചു എന്നാണ് തിരഞ്ഞെടുപ്പ് കമ്മീഷൻ ഇറക്കിയ ഉത്തരവിൽ പറയുന്നത്. എന്നാൽ ലക്ഷദ്വീപിലും ഇതേ ചിഹ്നം തന്നെയായിരിക്കും ഉണ്ടാവുക എന്ന് പാർട്ടി ലക്ഷദ്വീപ് ഘടകം സ്ഥിരീകരിച്ചു. ലക്ഷദ്വീപിൽ നിന്നുള്ള സ്ഥാനാർത്ഥി മുഹമ്മദ് ഫൈസൽ തന്റെ സാമൂഹിക മാധ്യമങ്ങളിലെ ഡിസ്പ്ലേ പിക്ചർ പുതിയ ചിഹ്നമാക്കി മാറ്റിയിട്ടുണ്ട്.
എൻ.സി.പി ഔദ്യോഗിക പക്ഷമായി അജിത് പവാർ പക്ഷത്തെ നേരത്തെ കേന്ദ്ര തിരഞ്ഞെടുപ്പ് കമ്മീഷൻ അംഗീകരിച്ചിരുന്നു. പാർട്ടിയുടെ പേരും ചിഹ്നവും അജിത് പവാർ പക്ഷത്തിന് നൽകിയതിനെ തുടർന്ന് ശരത് പവാർ പക്ഷം എൻ.സി.പി ശരത് ചന്ദ്ര പവാർ എന്ന പേര് പുതുതായി സ്വീകരിക്കുകയായിരുന്നു.