
കോഴിക്കോട്: അടുത്ത സന്തോഷ് ട്രോഫി സീസണിലെ മത്സരങ്ങൾക്കായുള്ള യോഗ്യതാ മത്സരങ്ങൾ അടുത്ത മാസം നടക്കും. കോഴിക്കോട് ഇ.എം.എസ് കോർപ്പറേഷൻ സ്റ്റേഡിയത്തിൽ നടക്കുന്ന ഗ്രൂപ്പ് എച്ച് മത്സരങ്ങളിൽ ലക്ഷദ്വീപ് ടീം പങ്കെടുക്കും. നവംബർ 20 മുതൽ 24 വരെയാണ് ഗ്രൂപ്പ് എച്ച് യോഗ്യതാ മത്സരങ്ങൾ ക്രമീകരിച്ചിരിക്കുന്നത്. ഗ്രൂപ്പ് എച്ചിൽ ലക്ഷദ്വീപിന് പുറമെ കേരളാ, പോണ്ടിച്ചേരി, റെയിൽവേസ് ടീമുകളാണ് പരസ്പരം ഏറ്റുമുട്ടുന്നത്. ഇതിൽ ഗ്രൂപ്പ് ജേതാക്കളാവുന്ന ടീം തെലങ്കാനയിൽ വെച്ച് നടക്കുന്ന സന്തോഷ് ട്രോഫി ഫൈനൽ റൗണ്ട് മത്സരത്തിലേക്ക് അർഹത നേടും.
കേരളാ ടീം കഴിഞ്ഞ ദിവസങ്ങളിലായി പരിശീലനങ്ങൾ ആരംഭിച്ചു കഴിഞ്ഞു. ബിബി തോമസ്, ഹാരി ബെന്നി, എം.വി നെൽസൺ തുടങ്ങിയ മുതിർന്ന പരിശീലകരാണ് കേരളത്തിന്റെ പരിശീലനത്തിന് നേതൃത്വം നൽകുന്നത്. നവംബർ 22-നാണ് കേരള, ലക്ഷദ്വീപ് ടീമുകൾ ഏറ്റുമുട്ടുന്ന നിർണായക മത്സരം നടക്കുന്നത്.
