ന്യൂഡൽഹി: ലക്ഷദ്വീപ് നിവാസികളുടെ അവകാശങ്ങൾക്ക് മേൽ വീണ്ടും കരിനിഴൽ വീഴ്ത്തി കേന്ദ്ര ഭരണകൂടം പുതിയ ‘വാട്ടർ സപ്ലൈ ഓപ്പറേഷൻ ആൻഡ് മെയ്ന്റനൻസ് പോളിസി, 2026’ പ്രാബല്യത്തിൽ വരുത്തി. ഇതുവരെ സൗജന്യമായി പൊതുടാപ്പുകൾ വഴി ലഭിച്ചിരുന്ന കുടിവെള്ളത്തിന് ഇനി മുതൽ നിർബന്ധിത മീറ്ററുകൾ സ്ഥാപിച്ച് കനത്ത തുക ഈടാക്കാനാണ് ഭരണകൂടത്തിന്റെ പുതിയ ഉത്തരവ്. ആവാസവ്യവസ്ഥയുടെ പ്രത്യേകതകൾ കാരണം നദികളോ മറ്റ് ശുദ്ധജല സ്രോതസ്സുകളോ ഇല്ലാത്ത ദ്വീപുകളിൽ, കടൽവെള്ളം ശുദ്ധീകരിച്ച് നൽകുന്നതിന് ഉപഭോക്താക്കളിൽ നിന്ന് പുതിയ കണക്ഷൻ ചാർജ്, സെക്യൂരിറ്റി ഡെപ്പോസിറ്റ്, അപേക്ഷാ ഫീസ്, പ്രതിമാസ വാട്ടർ ടാരിഫ് തുടങ്ങി വൻ സാമ്പത്തിക ബാധ്യതകളാണ് അടിച്ചേൽപ്പിക്കുന്നത്. അഡ്മിനിസ്ട്രേറ്റർ പ്രഫുൽ ഖോഡ പട്ടേലിന്റെ നേതൃത്വത്തിൽ പുറപ്പെടുവിക്കുന്ന ജനദ്രോഹ ഉത്തരവുകളുടെ നീണ്ട പട്ടികയിലെ ഒടുവിലത്തെ ആഘാതമായാണ് ദ്വീപ് നിവാസികൾ ഈ നീക്കത്തെ കാണുന്നത്.

​കുടിവെള്ള വിതരണം കാര്യക്ഷമമാക്കാനെന്ന വ്യാജേന നടപ്പിലാക്കുന്ന പുതിയ നയത്തിൽ, വെള്ളത്തിന്റെ വിതരണം ദിവസത്തിൽ ഏതാനും മണിക്കൂറുകളായി (രാവിലെ 7 മുതൽ 9 വരെയും വൈകുന്നേരം 5 മുതൽ 7 വരെയും മാത്രം) നിശ്ചയിച്ചു. മാത്രവുമല്ല, ഗാർഹിക ആവശ്യങ്ങൾക്ക് മാത്രമായി നിജപ്പെടുത്തിയ വെള്ളം തോട്ടമടിയ്ക്കാനോ മൃഗങ്ങളെ കുളിപ്പിക്കാനോ ഉപയോഗിച്ചാൽ കടുത്ത പിഴ ചുമത്താനും കണക്ഷനുകൾ ഉടനടി വിച്ഛേദിക്കാനും പീഡനപരമായ വ്യവസ്ഥകൾ ഉത്തരവിൽ ഉൾപ്പെടുത്തിയിട്ടുണ്ട്. വാട്ടർ മീറ്ററുകളുടെയും ടാപ്പുകളുടെയും അറ്റകുറ്റപ്പണികളുടെയും കേടുപാടുകൾ തീർക്കുന്നതിന്റെയും സാമ്പത്തിക ഉത്തരവാദിത്തം സാധാരണക്കാരായ ഉപഭോക്താക്കളുടെ തലയിൽ അടിച്ചേൽപ്പിച്ചിരിക്കുകയാണ്. തുടർച്ചയായി മൂന്ന് മാസം വാട്ടർ ബിൽ കുടിശ്ശിക വരുത്തിയാൽ കുടിവെള്ള കണക്ഷൻ വിച്ഛേദിക്കുമെന്ന ഭീഷണിയും ദ്വീപ് നിവാസികളെ ഏറെ ആശങ്കയിലാഴ്ത്തുന്നു.

​നേരത്തെ കൊണ്ടുവന്ന ടൗൺ പ്ലാനിംഗ് ആൻഡ് ഡെവലപ്‌മെന്റ് റെഗുലേഷൻ, ഗുണ്ടാ ആക്ട്, ബീഫ് നിരോധനം, പഞ്ചായത്തുകളുടെ അധികാരങ്ങൾ വെട്ടിച്ചുരുക്കൽ തുടങ്ങിയ കടന്നുകയറ്റങ്ങൾക്ക് ശേഷം, ജനങ്ങളുടെ പ്രാഥമിക ആവശ്യമായ കുടിവെള്ളവും വിൽപനച്ചരക്കാക്കുന്ന കരിനിയമമാണ് നടപ്പിലാക്കിയിരിക്കുന്നത്. സ്വന്തം മാതൃഭൂമിയിൽ ജീവിക്കാൻ പോലും നികുതിയും വിലയും കൊടുക്കേണ്ടി വരുന്ന അവസ്ഥയിലേക്ക് ദ്വീപ് നിവാസികളെ തള്ളിവിടുന്ന ഈ ക്രൂരമായ നയത്തിനെതിരെ വീണ്ടും അതിശക്തമായ ജനകീയ പ്രക്ഷോഭങ്ങൾക്കും നിയമപോരാട്ടങ്ങൾക്കും തയ്യാറെടുക്കുകയാണ് ലക്ഷദ്വീപ് ജനത.

LEAVE A REPLY

Please enter your comment!
Please enter your name here