
ന്യൂഡൽഹി: കേന്ദ്ര തെരഞ്ഞെടുപ്പ് കമ്മീഷൻ രാജ്യത്തെ 12 സംസ്ഥാനങ്ങളിലും കേന്ദ്രഭരണ പ്രദേശങ്ങളിലും വോട്ടർ പട്ടികയുടെ രണ്ടാംഘട്ട പ്രത്യേക തീവ്ര സൂക്ഷ്മപരിശോധന (Special Intensive Revision – SIR) ആരംഭിക്കുന്നതായി പ്രഖ്യാപിച്ചു. ഇതിൽ, ലക്ഷദ്വീപും ഉൾപ്പെടുന്നു എന്നത് ശ്രദ്ധേയമാണ്. ദ്വീപ് സമൂഹത്തിലെ വോട്ടർ പട്ടിക ന്യൂനതകളില്ലാത്തതും സുതാര്യവുമാക്കുക എന്ന ലക്ഷ്യത്തോടെയാണ് ഈ തീവ്രപരിശോധന. കേരളം, പശ്ചിമ ബംഗാൾ, തമിഴ്നാട് എന്നീ സംസ്ഥാനങ്ങൾക്കൊപ്പം ലക്ഷദ്വീപിലും വോട്ടർ പട്ടികയുടെ അന്തിമരൂപം 2026 ഫെബ്രുവരി 7-ന് പ്രസിദ്ധീകരിക്കുന്നതിനുള്ള സമയക്രമമാണ് കമ്മീഷൻ പ്രഖ്യാപിച്ചിരിക്കുന്നത്. ഇതിനായുള്ള പരിശീലനവും അനുബന്ധ പ്രവർത്തനങ്ങളും ഒക്ടോബർ 28-ന് ആരംഭിക്കും. തുടർന്ന്, ബൂത്ത് ലെവൽ ഓഫീസർമാർ (BLOs) വീടുതോറുമുള്ള പരിശോധന നവംബർ 4 മുതൽ ഡിസംബർ 4 വരെ നടത്തും. 2002-2004 കാലഘട്ടത്തിലെ വോട്ടർ പട്ടികയുമായി താരതമ്യം ചെയ്താണ് ഈ പരിശോധന പൂർത്തിയാക്കുക. ഉന്നതതല ഉദ്യോഗസ്ഥരെ ലക്ഷദ്വീപിൽ ഈ പ്രത്യേക തീവ്ര സൂക്ഷ്മപരിശോധനയുടെ ഏകോപനത്തിനായി നേരത്തെ തന്നെ നിയോഗിച്ചിരുന്നു. ലക്ഷദ്വീപ് ഇലക്ഷൻ കമ്മീഷൻ ഇതുമായി ബന്ധപ്പെട്ട് പരിശീലന പരിപാടികൾ നേരത്തെ തന്നെ ആരംഭിച്ചിരുന്നു. യോഗ്യരായ ആരെയും ഒഴിവാക്കാതെ, അയോഗ്യരായ ആരും ഉൾപ്പെടാതെ വോട്ടർപട്ടിക കുറ്റമറ്റതാക്കാനാണ് തെരഞ്ഞെടുപ്പ് കമ്മീഷൻ ലക്ഷ്യമിടുന്നത് എന്ന് കേന്ദ്ര തിരഞ്ഞെടുപ്പ് കമ്മീഷൻ പറഞ്ഞു.
















