കവരത്തി: അഗത്തി രാജീവ് ഗാന്ധി സ്‌പെഷ്യാലിറ്റി ഹോസ്പിറ്റലിലേക്ക് എം.ആർ.ഐ സ്കാനിംഗ് മെഷീൻ അനുവദിച്ചു. ലക്ഷദ്വീപ് എം.പി മുഹമ്മദ് ഫൈസലിന്റെ പ്രാദേശിക വികസന ഫണ്ടിൽ നിന്നും അധികമായി അനുവദിച്ചത് എട്ട് കോടിയോളം രൂപയാണ്. ഇതുമായി ബന്ധപ്പെട്ട് നേരത്തെ ആരോഗ്യ വകുപ്പിന് ₹3.75 കോടി അനുവദിച്ചിരുന്നു. ഇതുകൂടാതെയാണ് ഇപ്പോൾ ₹7,96,92,100 രൂപ അധികമായി അനുവദിച്ചത്.
ലക്ഷദ്വീപിലെ എം.പി ലാഡ് നോഡൽ ഓഫിസറും, ലക്ഷദ്വീപ് പ്ലാനിംഗ്, സ്റ്റാറ്റിസ്റ്റിക്സ്, ടാക്സ് വകുപ്പ് ഡയരക്ടറുമായ പി.അബ്ദുൽ സമദാണ് എം.പി ലാഡ് ഫണ്ടിൽ നിന്നും തുക അനുദിച്ചു കൊണ്ടുള്ള ഉത്തരവ് പുറപ്പെടുവിച്ചത്. എം.ആർ.ഐ സ്കാനിംഗ് മെഷീൻ സജ്ജമാവുന്നതോടെ ലക്ഷദ്വീപിലെ ആരോഗ്യ മേഖലയിൽ വൻ കുതിച്ചുചാട്ടം ഉണ്ടാവുമെന്ന് ഉറപ്പാണ്. നാളെ തിരഞ്ഞെടുപ്പ് വിജ്ഞാപനവും പെരുമാറ്റച്ചട്ടവും നിലവിൽ വരുന്നതിന് മുന്നോടിയായി ഫണ്ട് അനുവദിച്ചതോടെ പദ്ധതിയുടെ മുന്നോട്ടുള്ള പ്രവർത്തനങ്ങൾക്ക് ഇനി പെരുമാറ്റച്ചട്ടം വിലങ്ങുതടിയാവില്ല.