
തിരുവനന്തപുരം: സായി LNCPE സന്ദർശിച്ച് ലക്ഷദ്വീപ് എംപി അഡ്വ: ഹംദുള്ള സഈദ്. ദ്വീപിലെ കായിക രംഗത്തിന്റെ വികസനം ലക്ഷ്യം വെച്ചുകൊണ്ട് എം പി സായി പ്രിൻസിപ്പൽ ഡോ. ജി കിഷോർ അടക്കമുള്ള അധികൃതരുമായി ചർച്ച നടത്തി. ആന്ത്രോത്ത് സായി സെന്ററിന്റെ പ്രവർത്തനങ്ങൾ കൂടുതൽ മെച്ചപ്പെടുത്തണമെന്നും അടുത്ത അധ്യായന വർഷം മുതൽ റസിഡെൻഷ്യൽ സെൻറർ ആരംഭിക്കുന്നതിന് ആവശ്യമായ അടിസ്ഥാന സൗകര്യങ്ങൾ വേണമെന്നും കൂടാതെ സ്പെഷ്യൽ ഗ്രൗണ്ട് നിർമ്മിതിക്കായുള്ള നിർദ്ദേശങ്ങളുമാണ് ചർച്ചയിൽ ഉൾപ്പെട്ടത്. കൂടാതെ ലക്ഷദ്വീപിലെ കായിക വികസനത്തിന് സായി നൽകുന്ന പിന്തുണയ്ക്കും എം പി പ്രത്യേക നന്ദി അറിയിച്ചു.
സായി അധികൃതരുമായി ഖേലോ ഇന്ത്യ സെൻററുകൾ മികച്ച നിലവാരത്തോടെ ലക്ഷദ്വീപിൽ പ്രവർത്തനം ആരംഭിക്കുന്നതിനെ പറ്റിയും മികച്ച കായികതാരങ്ങളെ വാർത്തെടുക്കാനുള്ള സാധ്യതകളെക്കുറിച്ചും എം പി ചർച്ച ചെയ്തു. എംപി ഫണ്ട് ഉപയോഗിച്ചുകൊണ്ട് സ്പോർട്സ് കോംപ്ലക്സുകൾ, ലക്ഷദ്വീപിലെ ആദ്യത്തെ സ്വിമ്മിംഗ് പൂൾ സൗകര്യം ഉൾപ്പെടെയുള്ള അടിസ്ഥാന സൗകര്യങ്ങൾ ഒരുക്കുമെന്ന് ഹംദുള്ള സഈദ് പറഞ്ഞു . കൂടാതെ ആവശ്യമെങ്കിൽ കൂടുതൽ മേഖലകളിലേക്ക് ഫണ്ട് ഉപയോഗിക്കാൻ സന്നദ്ധമാണെന്നും എം പി അറിയിച്ചു. സായിയുടെ ഭാഗത്തുനിന്ന് ലക്ഷദ്വീപിന്റെ കായിക ഉന്നമനത്തിനുള്ള എല്ലാ പിന്തുണകളും പ്രിൻസിപ്പൽ ഡോ: കിഷോർ യോഗത്തിൽ ഉറപ്പുനൽകി. കൂടാതെ ലക്ഷദ്വീപ് എംപിയുടെ സായി സന്ദർശനത്തിലൂടെ പ്രവർത്തനങ്ങളെ കൂടുതൽ വേഗത്തിലാക്കാൻ കഴിയുമെന്നും പ്രിൻസിപ്പൽ കൂട്ടിച്ചേർത്തു.
സെൻററുകളുടെ വികസനത്തിനായുള്ള സാങ്കേതിക തടസ്സങ്ങൾ പരിഹരിക്കാനായി എത്രയും പെട്ടന്ന് ലക്ഷദ്വീപ് ഭരണകൂട ഉദ്യോഗസ്ഥന്മാർ,സായി അധികൃതർ എന്നിവർ ഉൾപ്പെടുന്ന ഒരു യോഗം ചേരാനും ഈ യോഗത്തിലൂടെ തടസ്സങ്ങൾ ഒഴിവാക്കാനും സാധിക്കുമെന്ന് എംപി ഹംദുള്ള സഈദ് പ്രത്യാശ പ്രകടിപ്പിച്ചു. മുൻ സ്പോർട്സ് ഓർഗനൈസറും കായിക അധ്യാപകനുമായ ജലാൽ കൂടിക്കാഴ്ചകളിൽ എംപിയോടൊപ്പം പങ്കെടുത്തു.സായി ക്യാമ്പസിൽ പരിശീലനം നടത്തുന്ന ലക്ഷദ്വീപ് താരങ്ങളായ മുബസീന മുഹമ്മദ്, അബുൽ ഹസ്സൻ, മുഹമ്മദ് യാസീൻ എന്നിവരെയും എംപി സന്ദർശിച്ചു.
