
ആന്ത്രോത്ത്: ഫിറ്റ് ഇന്ത്യയുടെ ഭാഗമായി ആന്ത്രോത്ത് സായ് സെന്ററിന്റെ ആഭിമുഖ്യത്തിൽ സൈക്കിൾ റൈഡ് സംഘടിപ്പിച്ചു. സെന്റർ ഇൻ ചാർജ് വോളിബോൾ കോച്ച് മുഹമ്മദ് ശഫീഖ് എം സൈക്കിൾ റൈഡ് ഫ്ലാഗ് ഓഫ് ചെയ്തു. സായ് ട്രൈനിംഗ് സെന്ററിൽ നിന്നും ആരംഭിച്ച സൈക്കിൾ റൈഡ് ആന്ത്രോത്ത് മൂല ബീച്ചിൽ സമാപിച്ചു.
അമിതവണ്ണം കുറയ്ക്കുന്നതിലൂടെയും കൃത്യമായ വ്യായാമങ്ങളിലൂടെയും ജീവിതശൈലി രോഗങ്ങൾ ഒഴിവാക്കി ആരോഗ്യകരമായ ജീവിതശൈലി പ്രോത്സാഹിപ്പിക്കുകയാണ് ലക്ഷ്യമിടുന്നത്. ദേശീയ അടിസ്ഥാനത്തിലുള്ള ഫിറ്റ് ഇന്ത്യയുടെ ഭാഗമായി ജനങ്ങളുടെ ശാരീരിക ക്ഷമത വർധിപ്പിക്കുക, മാനസീക ആരോഗ്യം ഉറപ്പു വരുത്തുക, പോഷകങ്ങൾ പ്രോത്സാഹിപ്പിക്കുക എന്നീ ലക്ഷ്യങ്ങളോടെയാണ് സൈക്കിൾ റൈഡ് സംഘടിപ്പിച്ചത്. നമ്മുടെ നാടുകളിൽ സൈക്കിൾ ചവിട്ടുന്നത് പ്രോത്സാഹിപ്പിക്കുക വഴി ജനങ്ങളുടെ ശാരീരികവും മാനസികവുമായ ആരോഗ്യം വീണ്ടെടുക്കാൻ സാധിക്കുമെന്നാണ് സംഘാടകർ പ്രതീക്ഷിക്കുന്നത്. സൈക്കിൾ ചവിട്ടുന്നതിന് വേണ്ട പശ്ചാത്തല സൗകര്യങ്ങളുടെ ആവശ്യകതയും റോഡ് സുരക്ഷാ നിയമങ്ങൾ പാലിക്കേണ്ടതിന്റെ പ്രാധാന്യവും ബോധ്യപ്പെടുത്തുന്നതായിരുന്നു സൈക്കിൾ റൈഡ്.
