ന്യൂഡൽഹി: തിങ്കളാഴ്ച രാവിലെ 10.30 മുതൽ ഉച്ചതിരിഞ്ഞ് 2.30 വരെ പാർലമെന്റ് മന്ദിരത്തിൽ വെച്ച് നടന്ന ഗ്രാമ വികസന, പഞ്ചായത്തീരാജ് പാർലമെന്ററി കമ്മിറ്റിയുടെ പ്രത്യേക യോഗത്തിൽ ലക്ഷദ്വീപ് ഐക്യവേദി പ്രതിനിധികൾ പങ്കെടുത്തു. ഐക്യവേദി കൺവീനർ എ.മിസ്ബാഹിന്റെ അഭാവത്തിൽ മിനിക്കോയ് ദ്വീപു സ്വദേശിയായ മുഹമ്മദ് മണിക്ഫാൻ, ജോയിന്റ് കൺവീനർമാരായ ഹുസുനുൽ ജംഹർ, ശറഫുദ്ദീൻ ഇർഫാനി എന്നിവരാണ് പങ്കെടുത്തത്.

പണ്ടാരം ഭൂമിയുമായി ബന്ധപ്പെട്ട വിഷയങ്ങൾ, സ്വകാര്യ ഭൂമികൾ സർക്കാർ ഏറ്റെടുക്കുന്നതുമായി ബന്ധപ്പെട്ട് ലക്ഷദ്വീപിലെ ജനങ്ങൾക്ക് നേരിടുന്ന ബുദ്ധിമുട്ടുകൾ, നഷ്ടപരിഹാരം നൽകുന്നതിൽ ഭൂ ഉടമകളോട് ലക്ഷദ്വീപ് ഭരണകൂടം എടുക്കുന്ന ന്യായീകരിക്കാനാവാത്ത സമീപനങ്ങൾ, ടൂറിസത്തിന്റെ പേരിൽ ലക്ഷദ്വീപിലെ തദ്ദേശീയരായ ജനങ്ങളെ കുടിയിറക്കുന്ന നടപടികൾ, കുത്തക കമ്പനികൾക്കായി ഭൂ ഉടമകളുടെ അറിവോ സമ്മതമോ ഇല്ലാതെ ഭൂമി വിട്ടു നൽകുന്ന ഭരണകൂട നയങ്ങൾ, ടൂറിസം മേഖലയിൽ നിന്നും തദ്ദേശീയരായ നിക്ഷേപകരെ അകറ്റി നിർത്തുന്ന രീതികൾ, പഞ്ചായത്ത് പോലുള്ള ജനപ്രാതിനിധ്യ സ്ഥാപനങ്ങളിലേക്കുള്ള തിരഞ്ഞെടുപ്പുകൾ അനിശ്ചിതകാലത്തേക്ക് നീട്ടി കൊണ്ടു പോകുന്നത്, ലക്ഷദ്വീപ് ഭരണകൂടത്തിന്റെ മറ്റു ജനവിരുദ്ധ നയങ്ങൾ എന്നിവ പാർലമെന്റ് കമ്മിറ്റിയുടെ മുന്നിൽ ലക്ഷദ്വീപ് ഐക്യവേദി പ്രതിനിധികൾ വിശദമായി അവതരിപ്പിച്ചു. ഓരോ വിഷയങ്ങളുമായി ബന്ധപ്പെട്ട സുപ്രധാന രേഖകളും ഐക്യവേദി പ്രതിനിധികൾ കമ്മിറ്റിക്ക് മുൻപാകെ ഹാജരാക്കുകയും, കമ്മിറ്റി ആ രേഖകൾ സ്വീകരിക്കുകയും ചെയ്തു.

ആന്തമാൻ നിക്കോബാർ, ഗുജറാത്ത് എന്നീ സംസ്ഥാനങ്ങളിലെ പട്ടികവർഗ്ഗ വിഭാഗങ്ങളിൽ ഉൾപ്പെടുന്ന മറ്റു പ്രതിനിധികളും പ്രസ്തുത യോഗത്തിൽ പങ്കെടുത്തിരുന്നു. മീറ്റിംഗിന്റെ വിശദമായ റിപ്പോർട്ട് ലഭിച്ചശേഷം കൂടുതൽ വിവരങ്ങൾ നൻകാനാവുമെന്ന് ഐക്യവേദി പ്രതിനിധികൾ അറിയിച്ചു.

LEAVE A REPLY

Please enter your comment!
Please enter your name here