കവരത്തി: മെഡിക്കൽ ഡിപ്പാർട്മെന്റിൽ വേതനമില്ലാതെ ബുദ്ധിമുട്ടി ലക്ഷദ്വീപിലെ മെഡിക്കൽ കോൺട്രാക്ട് ജീവനക്കാർ. കരാർ നഴ്സുമാർ, ഫാർമസിസ്റ്റ്, ലാബ് അറ്റൻഡന്റ്, വാർഡ് അറ്റൻഡന്റ്, എക്സ്-റേ സ്റ്റാഫ്, ഡ്രൈവർമാർ തുടങ്ങി നൂറിലധികം മെഡിക്കൽ സ്റ്റാഫുകൾക്കാണ് മാസങ്ങളായി ശമ്പളം മുടങ്ങി കിടക്കുന്നത്. ഇതിനെതിരെ യാതൊരു വിധ ഇടപെടലുകളും ലക്ഷദ്വീപ് ഗവണ്മെന്റോ ജനപ്രതിനിധികളോ സ്വീകരിച്ചിട്ടില്ല എന്നതും ജീവനക്കാരെ ഏറെ പ്രതിസന്ധിയിലാക്കിയിരിക്കുകയാണ്.

ദ്വീപിൽ ജോലിചെയ്യുന്ന അന്യനാട്ടിലെ ജീവനക്കാർക്ക് വാടക നൽകുന്നതിനോ ദിവസ ചിലവുകൾ നടത്തുന്നതിനോ പോലും കഴിയാത്ത സ്ഥിതിയാണ് നിലവിലുള്ളത്. ഇതു കൂടാതെ റംസാൻ മാസവും പെരുന്നാളും എത്തിച്ചേർന്നതോടെ ജീവനക്കാർ ഏറെ ബുദ്ധിമുട്ടിലായിരിക്കുകയാണ്.

കേന്ദ്രസർക്കാർ നഴ്‌സുമാരുടെ മിനിമം വേതനം ₹20,000 ആയി ഉയർത്തിയിരുന്നു. എന്നാൽ കേന്ദ്ര ഭരണ പ്രദേശമായ ലക്ഷദ്വീപിൽ ഇപ്പോഴും നേഴ്‌സുമാരുടെ മിനിമം വേതനം ₹12,000 മാത്രമാണ്. ഇത്താരമൊരു അവകാശ ലംഗനത്തിനെതിരെ അടിയന്തിര നടപടി സ്വീകരിക്കണമെന്നുള്ള ആവശ്യം ശക്തമാവുകയാണ്. എത്രയും വേഗത്തിൽ വേതനം വിതരണം ചെയ്യാൻ ബന്ധപ്പെട്ട അധികാരികൾ ഇടപെടണമെന്നും ശമ്പള കുടിശിക കാലതാമസം കൂടാതെ ലഭ്യമാക്കണമെന്നുമാണ് ജീവനക്കാരുടെ ആവശ്യം.

അതേസമയം കരാർ ജീവനക്കാരെ പതിയെ പിരിച്ചു വിടാനുള്ള നീക്കങ്ങൾ അണിയറയിൽ നടക്കുന്നതായാണ് സൂചന. ഇതിന്റെ ഭാഗമായി ഇന്ന് മുതൽ കരാർ ജീവനക്കാരെ ഹോസ്പിറ്റൽ രജിസ്റ്ററിൽ ഒപ്പിടാൻ അനുവദിക്കില്ല എന്നും അറിയുന്നു. ഇന്ന് മുതൽ കരാർ ജീവനക്കാരെ പ്രത്യേകമായി വെറെ തന്നെ ഒപ്പിടിയിക്കും എന്നാണ് അറിയുന്നത്.

LEAVE A REPLY

Please enter your comment!
Please enter your name here