
അഗത്തി: ലക്ഷദ്വീപ് നിവാസികളുടെ ഭൂമി അനുവാദമില്ലാതെ ഏറ്റെടുക്കാനുള്ള ലക്ഷദ്വീപ് അഡ്മിനിസ്ട്രേറ്റർ പ്രഫുൽ പട്ടേലിന്റെ നേതൃത്വത്തിലുള്ള ഭരണകൂടത്തിന്റെ തെറ്റായ നയങ്ങൾക്ക് എതിരെ ലക്ഷദ്വീപ് എംപി അഡ്വ.ഹംദുള്ള സഈദിൻ്റെ നേതൃത്വത്തിൽ അഗത്തി ഡെപ്യൂട്ടി കലക്ടർ ഓഫീസിലേക്ക് കോൺഗ്രസ് പ്രതിഷേധ മാർച്ച് നടത്തി.
പ്രതിഷേധം തടയാൻ ഡെപ്യൂട്ടി കലക്ടർ ഓഫീസിനു മുമ്പാകെ സ്ഥാപിച്ച പോലീസ് ബാരിക്കേഡ് തകർത്താണ് പ്രവർത്തകർ ഓഫീസ് വളപ്പിൽ കടന്നത്. പോലീസുമായുള്ള പിടിവലിയിൽ നിരവധി കോൺഗ്രസ് പ്രവർത്തകർക്ക് പരിക്കേറ്റു.
അന്യായമായ ഭൂമി ഏറ്റെടുക്കൽ നയത്തിന് എതിരെ ദ്വീപ് നിവാസികൾ ഭരണകൂടത്തിന് രേഖാമൂലം എതിർപ്പ് അറിയിച്ചു കഴിഞ്ഞിട്ടും നടപടികൾ തുടരുന്നതിൽ ഗൂഢാലോചന ഉണ്ടെന്നും അടിയന്തരമായി ഏറ്റെടുക്കൽ പ്രക്രിയ നിർത്തിവയ്ക്കണമെന്നും എംപി ആവശ്യപ്പെട്ടു. ഭൂമി തരംതിരിക്കൽ തടഞ്ഞ നടപടിയും ഉദ്യോഗസ്ഥരെ അന്യായമായി പിരിച്ചുവിടുന്നതും ജനാധിപത്യ രാജ്യത്തിന് ചേർന്നതല്ല എന്നും ഇത്തരം ഭരണഘടന ലംഘനങ്ങൾക്കെതിരെ പാർലമെന്റിലും പുറത്തും ശക്തമായ പ്രതിഷേധം തുടരുമെന്നും ഹംദുള്ള സഈദ് കൂട്ടിച്ചേർത്തു.
ജനാധിപത്യപരമായ പ്രതിഷേധം നടത്തുന്നതിനുള്ള അനുമതി പോലും പോലീസ് നിഷേധിച്ചിരിക്കുകയാണെന്നും ജനങ്ങളുടെ അഭിപ്രായസ്വാതന്ത്ര്യത്തെ കുച്ച് വിലങ്ങിട്ട് തടസ്സപ്പെടുത്താൻ ആർക്കും അധികാരമില്ലെന്നും ജനദ്രോഹനീക്കങ്ങളിൽ നിന്ന് പിന്മാറിയില്ലെങ്കിൽ സമരം എല്ലാ ദ്വീപുകളിലും വ്യാപിപ്പിക്കുമെന്നും എംപി ഉദ്ഘാടന പ്രസംഗത്തിൽ പറഞ്ഞു.
അഗത്തി ബ്ലോക്ക് കോൺഗ്രസ് കമ്മിറ്റി വർക്കിംഗ് പ്രസിഡണ്ട് ആലിക്കോയ യൂത്ത് കോൺഗ്രസ് മഹിളാ കോൺഗ്രസ് എൻ എസ് യു ഐ നേതാക്കൾ നേതൃത്വം നൽകി
















