
കവരത്തി: ലക്ഷദ്വീപ് പ്രദേശങ്ങളിൽ വരും ദിവസങ്ങളിൽ ശക്തമായ കാറ്റിനും മഴയ്ക്കും ഇടിമിന്നലിനും സാധ്യതയുള്ളതായി കേന്ദ്ര കാലാവസ്ഥ വകുപ്പും ലക്ഷദ്വീപ് ദുരന്ത നിവാരണ അതോറിറ്റിയും അറിയിച്ചു. ജൂൺ 3 വരെ മണിക്കൂറിൽ 40 മുതൽ 50 കിലോമീറ്റർ വരെയും, ചില അവസരങ്ങളിൽ പരമാവധി 60 കിലോമീറ്റർ വേഗതയിൽ വരെയും ശക്തമായ കാറ്റടിക്കാൻ സാധ്യതയുണ്ട്. കൂടാതെ ജൂൺ 1 വരെ പ്രദേശത്ത് ശക്തമായ മഴ പെയ്യാൻ സാധ്യതയുള്ളതിനാൽ ‘യല്ലോ അലർട്ട്’ (Yellow Alert) പ്രഖ്യാപിച്ചിട്ടുണ്ട്. ജൂൺ 3 വരെ ഇടിമിന്നലിനും സാധ്യതയുണ്ടെന്ന് മുന്നറിയിപ്പിൽ പറയുന്നു. മോശം കാലാവസ്ഥ കണക്കിലെടുത്ത് ജൂൺ 3 വരെ മത്സ്യത്തൊഴിലാളികൾ ആരും തന്നെ കടലിൽ പോകരുതെന്ന് അധികൃതർ കർശന നിർദേശം നൽകിയിട്ടുണ്ട്. മേയ് 30-ന് രാത്രി 10 മണിക്ക് പുറപ്പെടുവിച്ച ജാഗ്രതാ നിർദേശത്തിലാണ് ഇക്കാര്യങ്ങൾ വ്യക്തമാക്കിയത്.
















