
കൊച്ചി: ലക്ഷദ്വീപ് നിവാസികൾ നേരിടുന്ന കടുത്ത അവഗണനയും യാത്രാ-ആരോഗ്യ മേഖലകളിലെ പ്രതിസന്ധികളും ഉയർത്തിക്കാട്ടി പ്രധാനമന്ത്രി നരേന്ദ്ര മോദിക്കെതിരെ രൂക്ഷമായ ചോദ്യങ്ങളുമായി സംവിധായികയും സാമൂഹിക പ്രവർത്തകയുമായ ഐഷ സുൽത്താന രംഗത്ത്. കേന്ദ്രത്തിൽ ബിജെപി സർക്കാർ അധികാരത്തിൽ വന്നതിനു ശേഷം ദ്വീപിലെ ജനജീവിതം ദുസ്സഹമായെന്ന് അവർ ആരോപിച്ചു. പ്രധാനമന്ത്രി ലക്ഷദ്വീപ് സന്ദർശിച്ച വേളയിലെ ചിത്രം പങ്കുവെച്ചുകൊണ്ട് ഫേസ്ബുക്കിലൂടെയായിരുന്നു ഐഷയുടെ പ്രതികരണം. അടിസ്ഥാന സൗകര്യങ്ങൾ ഒരുക്കാതെ ടൂറിസം വികസനം കൊട്ടിഘോഷിക്കുന്ന കേന്ദ്ര സർക്കാർ നയങ്ങൾ ജനങ്ങളെ വഞ്ചിക്കുന്നതാണെന്ന് അവർ ചൂണ്ടിക്കാട്ടി.

ബംഗാരം ദ്വീപിൽ കഴിഞ്ഞദിവസം മുങ്ങിമരിച്ച തിരുവനന്തപുരം സ്വദേശിയായ വിങ് കമാൻഡർ ആർ. ശ്രീരാജിന്റെ മരണം മുൻനിർത്തിയാണ് ദ്വീപിലെ ആരോഗ്യരംഗത്തെ തകർച്ചയെ ഐഷ സുൽത്താന വിരൽചൂണ്ടിയത്. കേന്ദ്രത്തിൽ ബിജെപി സർക്കാർ വരുന്നതിന് മുൻപ് ബംഗാരം ദ്വീപിൽ പ്രവർത്തിച്ചിരുന്ന ക്ലിനിക്ക് സംവിധാനം നിലവിൽ പൂട്ടിക്കിടക്കുകയാണ്. മതിയായ ചികിത്സ ലഭ്യമാക്കാൻ ഒന്നര മണിക്കൂറോളം ബോട്ട് യാത്ര ചെയ്ത് അഗത്തി ദ്വീപിലെ ആശുപത്രിയിൽ എത്തിക്കേണ്ടി വന്നതാണ് ജീവൻ നഷ്ടപ്പെടാൻ കാരണമായത്. അടിയന്തര ഘട്ടങ്ങളിൽ ജീവൻ രക്ഷിക്കാനുള്ള പ്രാഥമിക സൗകര്യങ്ങൾ പോലുമില്ലാതെ വിനോദസഞ്ചാരികൾ എങ്ങനെ ഇവിടേക്ക് ധൈര്യമായി വരുമെന്ന് അവർ ചോദിക്കുന്നു.

വികസനത്തിന്റെ പേരുപറഞ്ഞ് ദ്വീപിലേക്ക് നിയോഗിച്ച അഡ്മിനിസ്ട്രേറ്റർ പ്രഫുൽ പട്ടേൽ ജനവിരുദ്ധ നയങ്ങളാണ് നടപ്പിലാക്കുന്നതെന്ന് ഐഷ സുൽത്താന ഫേസ്ബുക്ക് കുറിപ്പിൽ ആരോപിച്ചു. നാട്ടുകാരുടെ ഭൂമി കൈയേറി അവരുടെ പ്രധാന ഉപജീവനമാർഗ്ഗമായ തെങ്ങുകൾ മുറിച്ചുമാറ്റാനും ദ്വീപിലെ സാധാരണക്കാരായ നിരവധി തദ്ദേശീയരെ യാതൊരു കാരണവുമില്ലാതെ ജോലിയിൽ നിന്ന് പിരിച്ചുവിടാനുമാണ് ഭരണകൂടം ശ്രമിക്കുന്നത്. ഇതിനുപുറമേ, കടലിന് നടുവിൽ കഴിയുന്ന ആ ജനതയുടെ മത്സ്യബന്ധന മേഖലയെ പൂർണ്ണമായി അവഗണിച്ച കേന്ദ്ര സർക്കാർ ഇന്ധനവില നിരന്തരം വർദ്ധിപ്പിച്ച് ദ്വീപ് നിവാസികളെ കൂടുതൽ ഇരുട്ടിലേക്ക് തള്ളിവിടുകയാണെന്നും അവർ കുറ്റപ്പെടുത്തി.
ദ്വീപിലെ യാത്രാക്ലേശം പരിഹരിക്കാൻ സർക്കാർ ഒന്നും ചെയ്യുന്നില്ലെന്ന് വ്യക്തമാക്കിയ ഐഷ, സീ പ്ലെയിൻ കൊണ്ടുവരുന്നത് വികസനമായി ഉയർത്തിക്കാട്ടുമ്പോഴും ജനങ്ങൾക്ക് സ്വതന്ത്രമായി യാത്ര ചെയ്യാൻ കപ്പൽ ടിക്കറ്റുകൾ പോലും ലഭിക്കാത്ത അവസ്ഥയാണെന്ന് കൂട്ടിച്ചേർത്തു. പോർട്ട് ഡിപ്പാർട്ട്മെന്റ് ദ്വീപുവാസികളുടെ ദുരിതത്തിന് നേരെ കണ്ണടച്ചിരിക്കുകയാണ്. അടിസ്ഥാന ആവശ്യങ്ങൾക്ക് പോലും ജനങ്ങളെ ബുദ്ധിമുട്ടിച്ചുകൊണ്ട് ഭരണകൂടം നടത്തുന്ന ഈ ക്രൂരതകൾ ആർക്കുവേണ്ടിയുള്ള വികസനമാണെന്ന് ചോദ്യം ചെയ്തുകൊണ്ടാണ് ഐഷ സുൽത്താന തന്റെ പോസ്റ്റ് അവസാനിപ്പിച്ചത്.
















