
കവരത്തി: ലക്ഷദ്വീപിലെ പട്ടികവർഗ സംരക്ഷണവുമായി ബന്ധപ്പെട്ട് ദ്വീപ് ഭരണകൂടം പുറത്തിറക്കിയ Draft Laccadive, Minicoy and Amindivi Islands (Protection of Scheduled Tribes) (Amendment) Regulation, 2026 കരടിനെതിരെ ദ്വീപുകളിൽ നിന്നും ശക്തമായ നിയമപരമായ എതിർപ്പും പ്രതിഷേധവും ഉയരുന്നു. കരട് ഭേദഗതി പൂർണ്ണമായും പിൻവലിക്കണമെന്ന് ആവശ്യപ്പെട്ട് കൽപേനി ദ്വീപ് സ്വദേശിയായ ഡോ. മുഹമ്മദ് സാദിഖ് കെ.പി. ലക്ഷദ്വീപ് അഡീഷണൽ ജില്ലാ മജിസ്ട്രേറ്റിന് 11 പേജുള്ള വിശദമായ ആക്ഷേപപത്രിക സമർപ്പിച്ചു. ദ്വീപിലെ തദ്ദേശസ്വയംഭരണ സ്ഥാപനങ്ങൾ പിരിച്ചുവിട്ട ശേഷം ജനാധിപത്യ പ്രക്രിയകളെ അട്ടിമറിച്ചുകൊണ്ട് ഭരണകൂടം കൊണ്ടുവരുന്ന ഇത്തരം ജനവിരുദ്ധ നിയമങ്ങൾ ദ്വീപ് ജനതയുടെ നിലനിൽപ്പിനെത്തന്നെ ബാധിക്കുന്നതാണെന്ന് പരാതിയിൽ വ്യക്തമാക്കുന്നു.

നിർദ്ദിഷ്ട കരട് ഭേദഗതി നിലവിൽ വന്നാൽ ലക്ഷദ്വീപിലെ പട്ടികവർഗ ജനതയുടെ ഭൂമിയുടമസ്ഥാവകാശം പൂർണ്ണമായും അപകടത്തിലാകുമെന്നാണ് പ്രധാന ആശങ്ക. കോർപ്പറേറ്റുകൾക്കും ദ്വീപിന് പുറത്തുള്ളവർക്കും വ്യവസായ ആവശ്യങ്ങൾക്കും വിദ്യാഭ്യാസ-ചാരിറ്റബിൾ-മത സ്ഥാപനങ്ങൾക്കും എന്ന പേരിൽ ഭൂമി കൈവശപ്പെടുത്താനുള്ള നിയമപരമായ സാഹചര്യം ഈ ഭേഗതിയിലൂടെ സൃഷ്ടിക്കപ്പെടും. ഇത് ദ്വീപുകളുടെ തനത് സംസ്കാരത്തെ തകർക്കാനും, പുറത്തുനിന്നുള്ളവരുടെ വൻതോതിലുള്ള അധിനിവേശത്തിനും, തദ്ദേശീയരായ ആദിവാസി ജനവിഭാഗങ്ങളുടെ ചൂഷണത്തിനും വഴിതെളിക്കുമെന്നും പരാതിക്കാരൻ ചൂണ്ടിക്കാണിക്കുന്നു.
ലക്ഷദ്വീപ് ചരിത്രപരമായും ഭരണഘടനാപരമായും പ്രത്യേക സംരക്ഷണം ലഭിച്ച ഒരു ‘ഷെഡ്യൂൾഡ് ഏരിയ’ (Scheduled Area) ആണെന്ന് പരാതിയിൽ വ്യക്തമാക്കുന്നുണ്ട്. 1950-ലെ രാഷ്‌ട്രപതിയുടെ ഉത്തരവ് പ്രകാരവും ഭരണഘടനയുടെ അഞ്ചാം ഷെഡ്യൂൾ പ്രകാരവും നിലവിലുള്ള നിയമങ്ങൾ ദ്വീപുകളിലെ പട്ടികവർഗ ജനതയുടെ ഭൂമിയവകാശങ്ങൾ മാത്രം സംരക്ഷിക്കുന്നതിനായി വിഭാവനം ചെയ്തവയാണ്. 2001-2011 സെൻസസ് കണക്കുകൾ പ്രകാരം 94 ശതമാനത്തിലധികം പട്ടികവർഗ ജനസംഖ്യയുള്ള ലക്ഷദ്വീപ്, ഇന്ത്യയിൽ തന്നെ ഏറ്റവും ഉയർന്ന ആദിവാസി ജനസംഖ്യാനുപാതമുള്ള പ്രദേശമാണ്. ഈ പശ്ചാത്തലത്തിൽ, തദ്ദേശീയരുടെ താല്പര്യങ്ങൾ സംരക്ഷിക്കേണ്ട ഭരണകൂടം അതിന് വിരുദ്ധമായി പ്രവർത്തിക്കുന്നത് നിയമവിരുദ്ധമാണെന്ന് രേഖകൾ സഹിതം സമർത്ഥിക്കുന്നു.

പുതിയ ഭേദഗതിയിലൂടെ കൃഷിഭൂമി കൈമാറ്റം ചെയ്യുന്നതിനും വിൽക്കുന്നതിനും ജില്ലാ കളക്ടറുടെ മുൻകൂർ അനുമതി വേണമെന്ന നിബന്ധന കൊണ്ടുവരുന്നത് തികച്ചും അന്യായവും നിയമവിരുദ്ധവുമാണ്. തദ്ദേശീയരായ ആദിവാസികൾ തമ്മിലുള്ള ഭൂമി ഇടപാടുകൾക്ക് പോലും കളക്ടറുടെ തന്നിഷ്ടപ്രകാരം തടസ്സങ്ങൾ സൃഷ്ടിക്കുമ്പോൾ തന്നെ, പുറത്തുനിന്നുള്ളവർക്ക് വ്യവസായ-ടൂറിസം ആവശ്യങ്ങൾക്കും സ്ഥാപനങ്ങൾക്കുമായി ഭൂമി സുഗമമായി വിട്ടുകൊടുക്കാൻ ഈ നിയമം വഴി സാധിക്കുമെന്നതാണ് ഇതിലെ വൈരുദ്ധ്യം. വൻകിട കമ്പനികൾക്ക് 75 വർഷത്തെ ദീർഘകാലത്തേക്ക് ഭൂമി നൽകുന്നതിനായി മുൻപ് ഭരണകൂടം സ്വീകരിച്ച വഴിവിട്ട നീക്കങ്ങളെ നിയമവിധേയമാക്കാനുള്ള ഒരു തന്ത്രം കൂടിയാണ് ഈ പുതിയ നിയമ നിർമ്മാണം.
അഗത്തി, ബംഗാരം, തിന്നകര തുടങ്ങിയ ദ്വീപുകളിൽ ‘ടെന്റ് സിറ്റി’ ഉൾപ്പെടെയുള്ള ടൂറിസം പദ്ധതികൾക്കായി ഭൂമി അനുവദിച്ചതുമായി ബന്ധപ്പെട്ട് നിലവിൽ കേരള ഹൈക്കോടതിയുടെ പരിഗണനയിലുള്ള കേസിലെ നിയമപരമായ തടസ്സങ്ങളെ മറികടക്കാനാണ് ഭരണകൂടത്തിന്റെ ഈ ധൃതിപിടിച്ച നീക്കമെന്ന് ഡോ. മുഹമ്മദ് സാദിഖ് ആരോപിക്കുന്നു. ആദിവാസി മേഖലകളിലെ സർക്കാർ ഭൂമി പോലും പുറത്തുനിന്നുള്ളവർക്ക് കൈമാറാൻ ഭരണകൂടത്തിന് അധികാരമില്ലെന്ന് വ്യക്തമാക്കുന്ന സുപ്രീംകോടതിയുടെ ചരിത്രപരമായ ‘സമത വേഴ്സസ് ആന്ധ്രപ്രദേശ് സർക്കാർ’ കേസിലെ വിധിക്ക് തീർത്തും വിരുദ്ധമാണ് ലക്ഷദ്വീപ് ഭരണകൂടത്തിന്റെ ഈ കരട് നിയമം.
ദ്വീപ് ഭരണകൂടം സ്വീകരിച്ച പൊതുജന അഭിപ്രായരൂപീകരണ പ്രക്രിയ പോലും പൂർണ്ണമായും ജനാധിപത്യവിരുദ്ധവും പ്രഹസനവുമാണെന്ന് ആക്ഷേപമുണ്ട്. ലക്ഷദ്വീപിലെ ഭൂരിഭാഗം ജനങ്ങളും മലയാളം, മഹൽ ഭാഷകൾ സംസാരിക്കുന്നവരായിട്ടും ഈ പൊതുവിജ്ഞാപനം ഇംഗ്ലീഷിൽ മാത്രമാണ് പുറപ്പെടുവിച്ചത്. ഇതിലൂടെ സാധാരണക്കാരായ ജനങ്ങൾക്ക് നിയമത്തിന്റെ പ്രത്യാഘാതങ്ങൾ മനസ്സിലാക്കാനും തങ്ങളുടെ എതിർപ്പുകൾ കൃത്യമായി അറിയിക്കാനുമുള്ള സ്വാഭാവിക നീതി നിഷേധിക്കപ്പെട്ടിരിക്കുകയാണ്.
പരിസ്ഥിതിലോലവും പരിമിതമായ ഭൂവിസ്തൃതിയുമുള്ള ലക്ഷദ്വീപിൽ ഈ നിയമം നടപ്പിലാക്കിയാൽ തദ്ദേശീയർക്ക് തങ്ങളുടെ പരമ്പരാഗത മാതൃഭൂമിക്ക് മേലുള്ള അവകാശം എന്നെന്നേക്കുമായി നഷ്ടപ്പെടുമെന്ന് ഡോ. മുഹമ്മദ് സാദിഖ് മുന്നറിയിപ്പ് നൽകുന്നു. ടൂറിസത്തിന്റെ മറവിൽ തദ്ദേശീയ ജനതയെ സ്വന്തം മണ്ണിൽ നിന്നും തുടച്ചുനീക്കാനുള്ള കോർപ്പറേറ്റ് അജണ്ടകൾക്ക് ഭരണകൂടം കൂട്ടുനിൽക്കരുതെന്നും, ദ്വീപ് നിവാസികളുടെ ജീവിക്കാനുള്ള അവകാശത്തെയും സംസ്കാരത്തെയും മുൻനിർത്തി നിർദ്ദിഷ്ട ഭേദഗതികൾ പൂർണ്ണമായും റദ്ദാക്കണമെന്നും അഡീഷണൽ ജില്ലാ മജിസ്ട്രേറ്റിനോട് പരാതിയിലൂടെ ശക്തമായി ആവശ്യപ്പെട്ടതായി ഡോ. മുഹമ്മദ് സാദിഖ് അറിയിച്ചു.
















