
കോഴിക്കോട്: ലഹരിമരുന്നുമായി രണ്ട് ലക്ഷദ്വീപ് സ്വദേശികൾ പോലീസ് പിടിയിലായി. വിൽപനയ്ക്കായി സൂക്ഷിച്ച 2.420 ഗ്രാം എം.ഡി.എം.എയും 4.280 ഗ്രാം കഞ്ചാവുമായാണ് സരീർ സെയ്ദ് (25), ബദീറുൽ മുനീർ (29) എന്നിവരെ ടൗൺ പോലീസ് അറസ്റ്റ് ചെയ്തത്. കഴിഞ്ഞ ചൊവ്വാഴ്ച രാത്രി ആനി ഹാൾ ക്രോസ് റോഡിലെ ഇ.കെ. നായനാർ ഭവന് സമീപം പട്രോളിംഗ് നടത്തുകയായിരുന്ന പോലീസ് സംഘമാണ് ഇവരെ പിടികൂടിയത്.

പേൾ ഹാർബർ ബിൽഡിംഗിന് മുന്നിൽ സംശയാസ്പദമായ സാഹചര്യത്തിൽ കണ്ട യുവാക്കളെ ചോദ്യം ചെയ്യുന്നതിനിടെ ഇവർ ഓടി രക്ഷപ്പെടാൻ ശ്രമിക്കുകയായിരുന്നു. തുടർന്ന് പോലീസ് പിന്തുടർന്ന് പിടികൂടി നടത്തിയ പരിശോധനയിലാണ് ലഹരിമരുന്നും ഇവ വിറ്റുകിട്ടിയ 2500 രൂപയും കണ്ടെടുത്തത്. ടൗൺ എസ്.ഐ ശ്രീജേഷിന്റെ നേതൃത്വത്തിലുള്ള സംഘമാണ് പ്രതികളെ കസ്റ്റഡിയിലെടുത്തത്. അറസ്റ്റ് രേഖപ്പെടുത്തിയ ശേഷം പ്രതികളെ കോടതിയിൽ ഹാജരാക്കി.
















