
കവരത്തി: ലക്ഷദ്വീപിലെ ആന്ത്രോത്ത്, കിൽത്താൻ ദ്വീപുകളിൽ യാത്രക്കാർക്കും ഓട്ടോ ഡ്രൈവർമാർക്കും ആശ്വാസമായി പുതിയ ഓട്ടോ പാർക്കിംഗ് കേന്ദ്രങ്ങൾ നിർമ്മിക്കാൻ നടപടികൾ ആരംഭിച്ചു. പതിനെട്ടാം ലോക്സഭയിലെ ലക്ഷദ്വീപ് എം.പി അഡ്വ. മുഹമ്മദ് ഹംദുള്ളാ സഈദിന്റെ എം.പി ഫണ്ട് (MPLADS) വിനിയോഗിച്ച് നടപ്പിലാക്കാൻ നിർദ്ദേശിച്ച പദ്ധതിയുടെ ആവശ്യകതയും പ്രായോഗികതയും വിലയിരുത്തി റിപ്പോർട്ട് സമർപ്പിക്കാൻ ഡെപ്യൂട്ടി കളക്ടർമാർക്ക് നിർദ്ദേശം നൽകി. പദ്ധതി യാഥാർത്ഥ്യമാകുന്നതോടെ ദ്വീപുകളിലെ ഗതാഗത സൗകര്യങ്ങളിലും അടിസ്ഥാന സൗകര്യ വികസനത്തിലും വലിയ മുന്നേറ്റമുണ്ടാകുമെന്നാണ് പ്രതീക്ഷിക്കുന്നത്.
ആന്ത്രോത്ത്, കിൽത്താൻ ദ്വീപുകളിലെ സർക്കാർ ഭൂമിയിലാണ് ഈ പദ്ധതികൾ വിഭാവനം ചെയ്തിരിക്കുന്നത്. പോളികാർബണേറ്റ് ഷീറ്റുകൾ ഉപയോഗിച്ച് നിർമ്മിക്കുന്ന മേൽക്കൂര, യാത്രക്കാർക്കുള്ള ഇരിപ്പിടങ്ങൾ, പൊതു ശൗചാലയങ്ങൾ എന്നിവയടങ്ങുന്ന ആധുനിക രീതിയിലുള്ള ഷെൽട്ടറുകളാണ് ഇവിടെ ലക്ഷ്യമിടുന്നത്. ആൻഡ്രോത്ത് ദ്വീപിലെ സർവേ നമ്പർ 22210C/ ഉള്ള സർക്കാർ ഭൂമിയിലും കിൽത്താൻ ദ്വീപിലെ സർവേ നമ്പർ 111A/2A ഉള്ള ഭൂമിയിലുമാണ് നിർമ്മാണം ഉദ്ദേശിക്കുന്നത്. ഓരോ പദ്ധതിക്കും 35 ലക്ഷം രൂപ വീതം ആകെ 70 ലക്ഷം രൂപയാണ് തുക കണക്കാക്കിയിട്ടുള്ളത്.
പദ്ധതിയുമായി മുന്നോട്ട് പോകുന്നതിന് മുന്നോടിയായി സാങ്കേതികവും പ്രായോഗികവുമായ കാര്യങ്ങളിൽ അടിയന്തര റിപ്പോർട്ട് സമർപ്പിക്കാൻ ലക്ഷദ്വീപ് ആസൂത്രണ, സ്ഥിതിവിവരക്കണക്ക്, നികുതി വകുപ്പ് ഡയറക്ടർ മുകുന്ദ് വല്ലഭ് ജോഷി, ആന്ത്രോത്ത്, കിൽത്താൻ ഡെപ്യൂട്ടി കളക്ടർമാർക്ക് നിർദ്ദേശം നൽകി. നിലവിൽ ഈ ദ്വീപുകളിൽ സർവീസ് നടത്തുന്ന ഓട്ടോറിക്ഷകളുടെ എണ്ണം, ലഭ്യമായ പാർക്കിംഗ് സൗകര്യങ്ങൾ, പൊതുജനങ്ങൾക്ക് ഈ പദ്ധതിയിലൂടെ ലഭിക്കുന്ന പ്രയോജനം എന്നിവ വിശദമായി വിലയിരുത്തേണ്ടതുണ്ട്. കൂടാതെ നിർദ്ദിഷ്ട ഭൂമിയുടെ ലഭ്യത ഉറപ്പുവരുത്തുന്ന സർട്ടിഫിക്കറ്റും പദ്ധതിയുടെ സാങ്കേതിക പ്രായോഗികതയും ഭരണകൂടം പരിശോധിക്കും.
ലക്ഷദ്വീപ് പൊതുമരാമത്ത് വകുപ്പുമായി (LPWD) കൂടിയാലോചിച്ച് പദ്ധതി പ്രദേശത്തിന്റെ വിവരങ്ങൾ ശേഖരിക്കാനും, നിർമ്മാണത്തിന് ശേഷമുള്ള പരിപാലന ചുമതല വഹിക്കുന്ന ഏജൻസിയെ കണ്ടെത്താനും നിർദ്ദേശമുണ്ട്. പദ്ധതി പൂർത്തിയായ ശേഷം ഇതിന്റെ തുടർന്നുള്ള നടത്തിപ്പും പരിപാലന ചെലവുകളും ഏറ്റെടുക്കാമെന്ന ഏജൻസിയുടെ ഉറപ്പുകൂടി ലഭിച്ച ശേഷമായിരിക്കും പദ്ധതിക്ക് അന്തിമാനുമതി നൽകുന്നത്. എം.പി ഫണ്ടിൽ നിന്നുള്ള ഈ പദ്ധതി എത്രയും വേഗം പൂർത്തിയാക്കാനുള്ള തുടർനടപടികളിലാണ് അധികൃതർ.
















