​കവരത്തി: അഡ്മിനിസ്ട്രേറ്റർ പ്രഫുൽ ഖോഡ പട്ടേലിനും കോർപ്പറേറ്റുകൾക്കും ലക്ഷദ്വീപ് ജനതയുടെ പണ്ടാരം ഭൂമി വിട്ടുകൊടുക്കണമെന്ന നിലപാടാണ് എം.പി. അഡ്വ. ഹംദുള്ളാ സഈദ് സ്വീകരിക്കുന്നതെങ്കിൽ, അത് ഒരു ജനപ്രതിനിധിക്ക് യോജിച്ചതല്ലെന്ന് നാഷണലിസ്റ്റ് യൂത്ത് കോൺഗ്രസ് (എൻ.വൈ.സി.) സംസ്ഥാന ജനറൽ സെക്രട്ടറി റഹ്മത്തുള്ള തുറന്നടിച്ചു. കടമത്ത് ഗവൺമെന്റ് കോളേജിലെ അധ്യാപക നിയമന പ്രശ്നവുമായി ബന്ധപ്പെട്ട് വിദ്യാർത്ഥികളോട് സംസാരിക്കവെ ഹംദുള്ളാ സഈദ് നടത്തിയ നിരുത്തരവാദപരമായ പ്രസ്താവനകൾക്കെതിരെയാണ് എൻ.വൈ.സി രൂക്ഷവിമർശനവുമായി രംഗത്തെത്തിയത്.

​ലക്ഷദ്വീപിന്റെ നിലനിൽപ്പിനും ജനങ്ങളുടെ ഭൂമിയുടെ സംരക്ഷണത്തിനുമായി ജനങ്ങൾ ഒന്നടങ്കം ഐക്യത്തോടെ മുന്നോട്ടുവരുമ്പോൾ, ആ പോരാട്ടത്തിന് മുന്നിൽ നിന്ന് നേതൃത്വം നൽകാനാണ് ജനപ്രതിനിധി തയ്യാറാകേണ്ടതെന്ന് റഹ്മത്തുള്ള ഓർമ്മിപ്പിച്ചു. വിദ്യാർത്ഥികളുടെ ന്യായമായ വിദ്യാഭ്യാസ അവകാശങ്ങളെയും ദ്വീപ് ജനതയുടെ ഭൂമിയിലെ അവകാശങ്ങളെയും കോർപ്പറേറ്റ് താൽപ്പര്യങ്ങൾക്ക് പണയം വെക്കുന്ന സമീപനം അത്യന്തം അപലപനീയമാണെന്ന് അദ്ദേഹം കൂട്ടിച്ചേർത്തു.

​സ്വന്തം ജനങ്ങളുടെ അവകാശങ്ങൾ സംരക്ഷിക്കാനും അവർക്കൊപ്പം നിൽക്കാനും കഴിയില്ലെങ്കിൽ എം.പി. സ്ഥാനം രാജിവെക്കാൻ ഹംദുള്ളാ സഈദ് തയ്യാറാകണമെന്ന് എൻ.വൈ.സി. സംസ്ഥാന ജനറൽ സെക്രട്ടറി ആവശ്യപ്പെട്ടു. ജനവികാരം ഉൾക്കൊണ്ട് സമരത്തിന് നേതൃത്വം നൽകുന്നതിന് പകരം അഡ്മിനിസ്ട്രേഷന്റെ നിബന്ധനകൾ ജനങ്ങളുടെ മേൽ അടിച്ചേൽപ്പിക്കാൻ ശ്രമിക്കുന്നത് അംഗീകരിക്കാനാവില്ലെന്നും, ദ്വീപിന്റെ അവകാശ പോരാട്ടങ്ങളിൽ എൻ.വൈ.സി. ഉറച്ചുനിൽക്കുമെന്നും അദ്ദേഹം വ്യക്തമാക്കി.

LEAVE A REPLY

Please enter your comment!
Please enter your name here