​കവരത്തി: ലക്ഷദ്വീപ് ഭരണകൂടത്തിന് കീഴിലുള്ള പാസഞ്ചർ കപ്പലുകളിലും ഹൈസ്പീഡ് ക്രാഫ്റ്റുകളിലും (HSC) യാത്രക്കാരുടെ വളർത്തുമൃഗങ്ങളെ കൊണ്ടുപോകുന്നതിനായി പുതിയ സ്റ്റാൻഡേർഡ് ഓപ്പറേറ്റിംഗ് പ്രൊസീജർ (SOP) പുറപ്പെടുവിച്ചു. കേന്ദ്രഭരണ പ്രദേശമായ ലക്ഷദ്വീപ് അഡ്മിനിസ്ട്രേഷന്റെ പോർട്ട്, ഷിപ്പിംഗ് ആന്റ് ഏവിയേഷൻ വകുപ്പാണ് ഇത് സംബന്ധിച്ച ഉത്തരവിറക്കിയത്. വളർത്തുമൃഗങ്ങളുടെ സുരക്ഷിതത്വവും ക്ഷേമവും ഉറപ്പാക്കുന്നതിനൊപ്പം, യാത്രികരുടെയും ജീവനക്കാരുടെയും സുരക്ഷയും കപ്പലിലെ ശുചിത്വവും നിലനിർത്തുന്നതിന്റെ ഭാഗമായാണ് പുതിയ മാർഗ്ഗരേഖ ഉടനടി പ്രാബല്യത്തോടെ നടപ്പിലാക്കിയിരിക്കുന്നത്. പൂച്ചകൾ, നായ്ക്കൾ, പക്ഷികൾ, ഗിനി പന്നികൾ മുതലായ ഈ മാനദണ്ഡപ്രകാരം കപ്പലിൽ കൊണ്ടുപോകാൻ അനുമതിയുള്ള വളർത്തുമൃഗങ്ങളുടെ ഗണത്തിൽ ഉൾപ്പെടുന്നത്.

​പുതിയ ചട്ടങ്ങൾ അനുസരിച്ച് ഒരു യാത്രയിൽ പരമാവധി മൂന്ന് വളർത്തുമൃഗങ്ങൾക്ക് മാത്രമേ കൊണ്ടുപോകാൻ അനുവാദമുണ്ടായിരിക്കുകയുള്ളൂ. യാത്രക്കാരുടെ കൂടെ മാത്രമായിരിക്കണം ഇവയെ പ്രവേശിപ്പിക്കേണ്ടത്. വളർത്തുമൃഗങ്ങളെ കാറ്റും വെളിച്ചവും നന്നായി കയറുന്നതും മൃഗങ്ങൾക്ക് പുറത്തുചാടാൻ സാധിക്കാത്ത വിധത്തിലുള്ള ശക്തവും സുരക്ഷിതവുമായ കൂട്ടിലാക്കി (Cage) മാത്രമേ യാത്ര ചെയ്യിക്കാവൂ എന്ന് നിർദ്ദേശത്തിൽ വ്യക്തമാക്കുന്നു. കൂട്ടിന് പുറത്ത് മൃഗങ്ങളെ കൊണ്ടുപോകാൻ യാതൊരു കാരണവശാലും അനുവദിക്കില്ല.

​മൃഗങ്ങളുടെ ആരോഗ്യസ്ഥിതി സാക്ഷ്യപ്പെടുത്തുന്ന യോഗ്യതയുള്ള വെറ്ററിനറി സർജൻ നൽകിയ ഹെൽത്ത് സർട്ടിഫിക്കറ്റ് യാത്രവേളയിൽ നിർബന്ധമായും കൈവശം ഉണ്ടായിരിക്കണം. മൃഗങ്ങൾക്ക് പേവിഷബാധ ഉൾപ്പെടെയുള്ള പകർച്ചവ്യാധികളോ മറ്റ് രോഗലക്ഷണങ്ങളോ ഇല്ലെന്നും, കടൽയാത്രയ്ക്ക് അനുയോജ്യമായ ആരോഗ്യസ്ഥിതിയിലാണെന്നും വ്യക്തമാക്കുന്ന നിശ്ചിത മാതൃകയിലുള്ള (Schedule A) സർട്ടിഫിക്കറ്റാണ് ആവശ്യമുള്ളത്. ഈ സർട്ടിഫിക്കറ്റ് ഇല്ലാത്ത പക്ഷം മൃഗങ്ങളെ കപ്പലിൽ കയറ്റാൻ അനുമതി നൽകില്ല. കൂടാതെ, പ്രസവത്തോടടുത്ത ഘട്ടത്തിലുള്ള ഗർഭിണികളായ വളർത്തുമൃഗങ്ങളെ കൊണ്ടുപോകുന്നതിനും പൂർണ്ണ നിരോധനമുണ്ട്.

LEAVE A REPLY

Please enter your comment!
Please enter your name here