
കവരത്തി: ദ്വീപുകളിൽ ആഴ്ചയിലൊരിക്കൽ (ബുധനാഴ്ച) ‘വാഹനരഹിത ദിനം’ ആയി പ്രഖ്യാപിച്ച ഭരണകൂടത്തിന്റെ തീരുമാനത്തിനെതിരെ ശക്തമായ പ്രതിഷേധവുമായി സിപിഐ(എം) രംഗത്തെത്തി. ഫെബ്രുവരി 17-ന് ഭരണകൂടം പുറപ്പെടുവിച്ച ഉത്തരവ് ജനജീവിതത്തെ സാരമായി ബാധിക്കുമെന്ന് ചൂണ്ടിക്കാട്ടി സിപിഐ(എം) ലക്ഷദ്വീപ് ലോക്കൽ കമ്മിറ്റി ഡിസ്ട്രിക്ട് കളക്ടർക്ക് കത്ത് നൽകി.
പരിസ്ഥിതി സംരക്ഷണവും ആരോഗ്യവും പ്രധാനമാണെങ്കിലും, മോട്ടോർ വാഹനങ്ങൾക്ക് ഏർപ്പെടുത്തുന്ന സമ്പൂർണ്ണ നിരോധനം ദ്വീപുവാസികളുടെ ഉപജീവനത്തെയും ദൈനംദിന ജീവിതത്തെയും തകർക്കുമെന്ന് കത്തിൽ പറയുന്നു. മത്സ്യബന്ധനം, ചെറുകിട കച്ചവടങ്ങൾ, അവശ്യസാധന വിതരണം എന്നിവയെ ആശ്രയിച്ചു കഴിയുന്നവർക്ക് ഈ തീരുമാനം വലിയ തിരിച്ചടിയാകും. കൂടാതെ, കപ്പൽ-വിമാന യാത്രക്കാർക്ക് ജെട്ടികളിലും എയർപോർട്ടുകളിലും എത്താൻ വാഹനസൗകര്യം ഇല്ലാത്തത് വലിയ ബുദ്ധിമുട്ട് സൃഷ്ടിക്കുമെന്നും പാർട്ടി ചൂണ്ടിക്കാട്ടി.
അടിയന്തര ചികിത്സാ ആവശ്യങ്ങൾക്ക് ഇളവുകൾ പ്രഖ്യാപിച്ചിട്ടുണ്ടെങ്കിലും, പ്രായോഗിക തലത്തിൽ ഇത് നടപ്പിലാക്കുമ്പോൾ ഉണ്ടാകുന്ന കാലതാമസം ജീവഹാനിക്ക് വരെ കാരണമായേക്കാമെന്ന ആശങ്കയും കത്തിൽ ഉന്നയിക്കുന്നുണ്ട്. മതിയായ കൂടിയാലോചനകളില്ലാതെ നടപ്പിലാക്കിയ ഈ തീരുമാനം ഭരണഘടനാപരമായ മൗലികാവകാശങ്ങളുടെ ലംഘനമാണെന്നും സിപിഐ(എം) സെക്രട്ടറി മുഹമ്മദ് ഷാഫി ഖുറേഷി കത്തിൽ ആരോപിക്കുന്നു. സമ്പൂർണ്ണ നിരോധനത്തിന് പകരം വാഹന നിയന്ത്രണത്തിന് നിശ്ചിത സമയക്രമം ഏർപ്പെടുത്തുക, ഇലക്ട്രിക് വാഹനങ്ങളെ പ്രോത്സാഹിപ്പിക്കുക തുടങ്ങിയ ബദൽ നിർദ്ദേശങ്ങളും പാർട്ടി മുന്നോട്ടുവെച്ചു. ജനവികാരം പരിഗണിച്ച് ഈ ഉത്തരവ് പിൻവലിക്കണമെന്നും ബന്ധപ്പെട്ടവരുമായി ചർച്ച നടത്തണമെന്നും സിപിഐ(എം) ഭരണകൂടത്തോട് ആവശ്യപ്പെട്ടു.
















