
കവരത്തി: ലക്ഷദ്വീപ് ഭരണകൂടം പുതുതായി പുറപ്പെടുവിച്ച ‘നോ വെഹിക്കിൾ ഡേ’ (No Vehicle Day) ഉത്തരവിനെ പരിഹസിച്ച് സംവിധായിക ഐഷ സുൽത്താന രംഗത്തെത്തി. ഇനിമുതൽ എല്ലാ ബുധനാഴ്ചകളിലും ദ്വീപിൽ ആരും ബൈക്കോ മറ്റ് വാഹനങ്ങളോ ഉപയോഗിക്കരുത് എന്ന വിചിത്രമായ ഉത്തരവാണ് ഭരണകൂടം പുറത്തിറക്കിയിരിക്കുന്നത്. മലിനീകരണം നിയന്ത്രിക്കാനാണ് ഇത്തരമൊരു നടപടിയെന്നാണ് അധികൃതർ പറയുന്നതെങ്കിലും, ശുദ്ധവായു ലഭിക്കുന്ന ലക്ഷദ്വീപിൽ എവിടെയാണ് മലിനീകരണമെന്ന് ഐഷ തന്റെ ഫേസ്ബുക്ക് പോസ്റ്റിലൂടെ ചോദിക്കുന്നു.
ഡൽഹിയിലെ മലിനീകരണം കാറ്റുവഴി ലക്ഷദ്വീപിലേക്ക് എത്തിയതാണോ എന്ന് പരിഹസിച്ച താരം, ഈ നിയമം ഉദ്യോഗസ്ഥർക്കും ബാധകമാണോ എന്നും ചോദിക്കുന്നുണ്ട്. വരും ബുധനാഴ്ചകളിൽ സർക്കാർ ഉദ്യോഗസ്ഥർ ഉൾപ്പെടെയുള്ളവർ ഓഫീസുകളിലേക്ക് നടന്നും സൈക്കിൾ ചവിട്ടിയും പോയി ജനങ്ങൾക്ക് മാതൃകയാകണമെന്നാണ് തന്റെ അഭിപ്രായമെന്ന് ഐഷ സുൽത്താന കുറിച്ചു. ലക്ഷദ്വീപ് ജില്ലാ കലക്ടർ പുറത്തിറക്കിയ ഉത്തരവിനെതിരെ വലിയ രീതിയിലുള്ള ചർച്ചകളാണ് ഇപ്പോൾ സോഷ്യൽ മീഡിയയിൽ നടക്കുന്നത്.
















