
ചെത്ത്ലാത്ത്: “നല്ല ഭക്ഷണം, നല്ല ആരോഗ്യം” എന്ന ലക്ഷ്യവുമായി ചെത്ത്ലാത്ത് ദ്വീപിലെ വനിതാ കർഷകർ ഒത്തുചേർന്നു. 2026 ജനുവരി 21-ന് രാവിലെ 10:30-ന് ദ്വീപിലെ ആയുഷ് കോൺഫറൻസ് ഹാളിൽ വെച്ചാണ് വനിതാ കർഷക കൂട്ടായ്മയുടെ വിപുലമായ യോഗം ചേർന്നത്. ആയുഷ് മെഡിക്കൽ ഓഫീസർ ഡോ. റബിയ കോയ യോഗം ഉദ്ഘാടനം ചെയ്തു. നസീറ അമരാവതി സ്വാഗതമാശംസിച്ച ചടങ്ങിൽ ഫാത്തിമത് ഖുറൈഷ അധ്യക്ഷത വഹിച്ചു. ജൈവകൃഷി പ്രോത്സാഹിപ്പിക്കുന്നതിലൂടെ ആരോഗ്യകരമായ ഒരു സമൂഹത്തെ കെട്ടിപ്പടുക്കുക എന്നതാണ് ഈ കൂട്ടായ്മയുടെ പ്രധാന ലക്ഷ്യം.

യോഗത്തിൽ വെച്ച് ഓരോ വാർഡുകളിൽ നിന്നും നാല് പ്രതിനിധികളെ ഉൾപ്പെടുത്തിക്കൊണ്ട് പുതിയ എക്സിക്യൂട്ടീവ് കമ്മിറ്റി രൂപീകരിച്ചു. തുടർന്ന് കർഷകർക്കായി ജൈവ വിത്തുകളുടെ വിതരണവും നടന്നു. ആമിന ബി കൈബർ കാനറാ ബാങ്കിന്റെ വിവിധ കാർഷിക സ്കീമുകളെക്കുറിച്ചും ജൈവകൃഷിയുടെ പ്രായോഗിക ഗുണങ്ങളെക്കുറിച്ചും കർഷകർക്കായി ക്ലാസ്സ് നയിച്ചു. ദ്വീപിലെ കാർഷിക മേഖലയിൽ പുതിയ ഉണർവ്വ് നൽകുന്നതായിരുന്നു ഈ ഒത്തുചേരൽ.
















