
കോഴിക്കോട്: ആയോധനകലകളിൽ ലക്ഷദ്വീപിന്റെ അഭിമാനമുയർത്തി ആന്ത്രോത്ത് ദ്വീപ് സ്വദേശിനി ഹനിയാ ഹിദായ വീണ്ടും സുവർണ്ണ നേട്ടത്തിൽ. ജനുവരി 3, 4 തീയതികളിൽ കോഴിക്കോട് വെസ്റ്റ്ഹിൽ ഗവൺമെന്റ് പോളിടെക്നിക് കോളേജ് ഓഡിറ്റോറിയത്തിൽ നടന്ന രണ്ടാമത് ഓൾ കേരള ഓൾ സ്റ്റൈൽസ് മാർഷ്യൽ ആർട്സ് ഓപ്പൺ ടൂർണമെന്റിലാണ് ഹനിയാ ഹിദായ ഒന്നാം സ്ഥാനം കരസ്ഥമാക്കിയത്. 15-17 വയസ്സ് പ്രായമുള്ള പെൺകുട്ടികളുടെ 50 കിലോ വിഭാഗം കിക്ക് ബോക്സിംഗിലാണ് ഈ മിന്നും വിജയം. കജു കാഡോ കരാട്ടെ ആൻഡ് മാർഷ്യൽ ആർട്സ് അക്കാദമി കോഴിക്കോട് സംഘടിപ്പിച്ച ടൂർണമെന്റ്, കരാട്ടെ ഇന്ത്യ അസോസിയേഷൻ, കരാട്ടെ കേരള അസോസിയേഷൻ, കർണാടക ആസ്ഥാനമായുള്ള ഇന്റർനാഷണൽ ഒക്കിനാവ സ്കൂൾ ഓഫ് കരാട്ടെ എന്നിവയുമായി അഫിലിയേറ്റ് ചെയ്തതാണ്.

ലക്ഷദ്വീപ് ആന്ത്രോത്ത് സ്വദേശികളായ മുഹമ്മദ് ഹിദായത്തുള്ളയുടെയും കമർബാന്റെയും മകളാണ് ഹനിയാ ഹിദായ. നിലവിൽ കോഴിക്കോട് ‘യിങ്ങ് യാങ്ങ് സ്മാ’ (Ying Yang SMA) ക്ലബ്ബിൽ പരിശീലനം നടത്തുന്ന ഹനിയ, ചുരുങ്ങിയ കാലയളവിനുള്ളിൽ നിരവധി ദേശീയ-സംസ്ഥാന പുരസ്കാരങ്ങൾ സ്വന്തമാക്കിയിട്ടുണ്ട്. നേരത്തെ സെപ്റ്റംബറിൽ കോഴിക്കോട് ഇൻഡോർ സ്റ്റേഡിയത്തിൽ നടന്ന പ്രൈമൽ ഓപ്പൺ നാഷണൽ കിക്ക് ബോക്സിംഗ് ചാമ്പ്യൻഷിപ്പിലും, ചാലക്കുടിയിൽ നടന്ന പ്രൈമൽ കണ്ടന്റർ സീരീസിലും താരം സ്വർണ്ണ മെഡൽ കരസ്ഥമാക്കിയിരുന്നു. ഇവ കൂടാതെ കേരള സ്റ്റേറ്റ് കിക്ക് ബോക്സിംഗിൽ തുടർച്ചയായി രണ്ട് തവണ സ്വർണ്ണ മെഡൽ ജേതാവാകുകയും 23-ാമത് സബ് ജൂനിയർ ജില്ലാ വുഷു ചാമ്പ്യൻഷിപ്പിൽ ഒന്നാം സ്ഥാനം നേടുകയും ചെയ്തിട്ടുണ്ട്.
ജില്ലാതല റോൾബോൾ ചാമ്പ്യൻഷിപ്പിൽ വെള്ളി മെഡൽ ജേതാവ് കൂടിയായ ഹനിയ, ആയോധനകലയിലെ വിവിധ ശാഖകളിൽ ഇതുവരെ ആറ് സ്വർണ്ണവും ഒരു വെള്ളിയും ഉൾപ്പെടെ ഏഴോളം പ്രധാന മെഡലുകൾ സ്വന്തമാക്കിയിട്ടുണ്ട്. കോഴിക്കോട് അപെക്സ് ഇന്റർനാഷണൽ സ്കൂൾ വിദ്യാർത്ഥിനിയായ ഈ യുവപ്രതിഭയുടെ നേട്ടം ആന്ത്രോത്ത് ദ്വീപിനും ലക്ഷദ്വീപിനും ഒരുപോലെ അഭിമാനമായി മാറുകയാണ്. തുടർച്ചയായ വിജയങ്ങളിലൂടെ കായിക ഭൂപടത്തിൽ തന്റെ സ്ഥാനം ഉറപ്പിക്കുന്ന ഹനിയാ ഹിദായയെ വിവിധ മേഖലകളിലെ പ്രമുഖർ അഭിനന്ദിച്ചു.
















