
കവരത്തി: ലക്ഷദ്വീപ് നിവാസികൾക്ക് അത്യാധുനിക ചികിത്സാ സൗകര്യങ്ങൾ ലഭ്യമാക്കുന്നതിനായി ഇന്ത്യൻ നാവികസേന സംഘടിപ്പിക്കുന്ന അഞ്ചു ദിവസം നീണ്ടുനിൽക്കുന്ന മൾട്ടി-സ്പെഷ്യാലിറ്റി മെഡിക്കൽ ക്യാമ്പ് ഇന്ന് ആരംഭിക്കുന്നു. കേന്ദ്രഭരണ പ്രദേശമായ ലക്ഷദ്വീപിലെ വിവിധ ദ്വീപുകൾ കേന്ദ്രീകരിച്ച് നടത്തുന്ന ഈ ബൃഹത്തായ ആരോഗ്യ സംരക്ഷണ പദ്ധതിയുട ഔദ്യോഗിക ഉദ്ഘാടനം നാവികസേനാ മേധാവി അഡ്മിറൽ ദിനേശ് കെ. ത്രിപാഠി നിർവഹിക്കും. നാവികസേനാ ദിനാഘോഷങ്ങളുടെ ഭാഗമായി വർഷംതോറും നടത്തിവരാറുള്ള സേവന പ്രവർത്തനങ്ങളുടെ തുടർച്ചയായാണ് ഈ മെഡിക്കൽ ക്യാമ്പ് ഇത്തവണ വിപുലമായ രീതിയിൽ സംഘടിപ്പിച്ചിരിക്കുന്നത്.

ഇന്ത്യൻ ആർമി, നേവി, എയർഫോഴ്സ് എന്നീ മൂന്ന് സേനാവിഭാഗങ്ങളിലെയും പ്രഗത്ഭരായ മെഡിക്കൽ ഓഫീസർമാരും സ്പെഷ്യലിസ്റ്റ് ഡോക്ടർമാരും അടങ്ങുന്ന ജോയിന്റ് സർവീസസ് മെഡിക്കൽ ടീമാണ് ക്യാമ്പിന് നേതൃത്വം നൽകുന്നത്. അഗത്തി, കവരത്തി, ആന്ത്രോത്ത്, അമിനി, മിനിക്കോയ് എന്നീ അഞ്ച് പ്രമുഖ ദ്വീപുകളിലായി ജനുവരി 12 മുതൽ 16 വരെയാണ് ചികിത്സാ സൗകര്യങ്ങൾ ഒരുക്കിയിരിക്കുന്നത്. സേനാവിഭാഗങ്ങൾ തമ്മിലുള്ള ഏകോപനത്തിലൂടെ ലക്ഷദ്വീപിലെ ജനങ്ങൾക്ക് മികച്ച ആരോഗ്യ സേവനം ഉറപ്പാക്കുക എന്നതാണ് ഈ ദൗത്യത്തിലൂടെ ലക്ഷ്യമിടുന്നത്.
വിവിധ വിഭാഗങ്ങളിലെ വിദഗ്ധ പരിശോധനകൾക്ക് പുറമെ, തിമിര ശസ്ത്രക്രിയ ഉൾപ്പെടെയുള്ള തിരഞ്ഞെടുക്കപ്പെട്ട ശസ്ത്രക്രിയകളും ചികിത്സാ സേവനങ്ങളും ക്യാമ്പിന്റെ ഭാഗമായി ലഭ്യമാകും. മുൻകാലങ്ങളിൽ പ്രാഥമിക ആരോഗ്യ പരിരക്ഷയും ദന്തചികിത്സയും കേന്ദ്രീകരിച്ച് നടത്തിയിരുന്ന ക്യാമ്പുകൾ, ജനങ്ങളുടെ വർധിച്ച പങ്കാളിത്തവും ആവശ്യകതയും പരിഗണിച്ച് ഇത്തവണ മൾട്ടി-സ്പെഷ്യാലിറ്റി തലത്തിലേക്ക് ഉയർത്തുകയായിരുന്നു. ലക്ഷദ്വീപ് ഭരണകൂടത്തിന്റെ പൂർണ്ണ സഹകരണത്തോടെയാണ് സങ്കീർണ്ണമായ ഈ വൈദ്യസഹായ ദൗത്യം നാവികസേന പൂർത്തിയാക്കുന്നത്.

ഉദ്ഘാടന ചടങ്ങിൽ സതേൺ നേവൽ കമാൻഡ് ഫ്ലാഗ് ഓഫീസർ കമാൻഡിംഗ്-ഇൻ-ചീഫ് വൈസ് അഡ്മിറൽ സമീർ സക്സേന, സായുധ സേന മെഡിക്കൽ സർവീസസ് ഡയറക്ടർ ജനറൽ സർജൻ വൈസ് അഡ്മിറൽ ആർതി സരിൻ തുടങ്ങി നാവികസേനയിലെയും ലക്ഷദ്വീപ് ഭരണകൂടത്തിലെയും ഉന്നത ഉദ്യോഗസ്ഥർ പങ്കെടുക്കും. ഈ സംരംഭം ലക്ഷദ്വീപ് നിവാസികൾക്കും ഇന്ത്യൻ നാവികസേനയ്ക്കും ഇടയിലുള്ള വിശ്വാസവും സൗഹൃദവും കൂടുതൽ ദൃഢമാക്കുമെന്നും സിവിൽ-മിലിട്ടറി സഹകരണത്തിന്റെ ഉത്തമ ഉദാഹരണമായി ഇത് മാറുമെന്നും അധികൃതർ അറിയിച്ചു.
















