
കഴിഞ്ഞ ദിവസം കൊച്ചിയിൽ നിന്നും കഞ്ചാവും ഹാഷിഷ് ഓയിലുമായി പിടിയിലായ യുവാവിൻ്റെ വാർത്തയിൽ ദ്വീപ് മലയാളിയിൽ കൊടുത്ത ചിത്രം മാറിപ്പോയത് ഞങ്ങളുടെ ഭാഗത്തുനിന്നും വന്ന തെറ്റാണെന്ന് അംഗീകരിക്കുന്നു. വാർത്തയുമായി ബന്ധപ്പെട്ട വിവരങ്ങൾ ഞങ്ങൾക്ക് അയച്ചു തന്ന വ്യക്തി അയച്ചു തന്ന ചിത്രം ശരിയാണെന്ന വിശ്വാസത്തിൽ കൊടുത്തത് ഞങ്ങളുടെ ഭാഗത്തുനിന്നും ഉണ്ടായ ജാഗ്രതക്കുറവാണ്. വിശ്വാസ യോഗ്യമായ സോഴ്സുകളിൽ നിന്നും വാർത്ത നൽകുന്നതിന് എല്ലാ കാലത്തും ഞങ്ങൾ ശ്രമിച്ചിട്ടുണ്ട്. പക്ഷേ ഈ വിഷയത്തിൽ ഞങ്ങൾക്ക് അയച്ചു തന്ന വ്യക്തിയെ വിശ്വാസത്തിലെടുത്ത് കൊണ്ട് ഫോട്ടോ കൃത്യമാണോ എന്ന് വെരിഫൈ ചെയ്യുന്നതിൽ വീഴ്ച സംഭവിച്ചു. ഞങ്ങളുടെ ജാഗ്രതക്കുറവ് മൂലം ഫോട്ടോയിൽ ഉള്ള സഹോദരന് വ്യക്തിപരമായി ഉണ്ടായ മാനസിക ബുദ്ധിമുട്ടിൽ ഞങ്ങളുടെ ഖേദം രേഖപ്പെടുത്തുന്നു. ഈ സംഭവം ഞങ്ങളെ കൂടുതൽ ഉത്തരവാദിത്വ മാധ്യമ പ്രവർത്തനങ്ങൾക്ക് പ്രാപ്തമാക്കുമെന്ന് പ്രതീക്ഷിക്കുന്നു.
അറിയുന്നവരും അറിയാത്തവരുമായ പലരും അയച്ചു നൽകുന്ന വിവരങ്ങളെയാണ് ചിതറി കിടക്കുന്ന ദ്വീപുകളിലെ വാർത്തകൾ നിങ്ങളിലേക്ക് എത്തിക്കുന്നതിന് ഞങ്ങളെ എക്കാലവും സഹായിച്ചിട്ടുള്ളത്. അതുകൊണ്ട് തന്നെ, അങ്ങനെ വാർത്തകൾ അയച്ചു നൽകുന്ന നിങ്ങൾ ഓരോരുത്തരും ഓരോ മാധ്യമ പ്രവർത്തകർ കൂടിയാണ്. ഭാവിയിൽ വാർത്തകൾ അയച്ചു നൽകുമ്പോൾ നിങ്ങൾക്ക് കൃത്യമായി ബോധ്യമുള്ള കാര്യങ്ങൾ മാത്രം അയച്ചു നൽകണമെന്ന് എല്ലാവരോടും അപേക്ഷിക്കുന്നു. ഒരു ശതമാനം പോലും സംശയമുള്ള വിവരങ്ങൾ ദയവായി അയച്ചു നൽകാതിരിക്കാൻ ജാഗ്രത പുലർത്തണം എന്ന് ആവശ്യപ്പെടുന്നു. തെറ്റായ ഫോട്ടോ പങ്കുവെച്ചത് ഞങ്ങളുടെ ഭാഗത്തുനിന്നും വന്ന വീഴ്ച്ചയാണെന്ന് വീണ്ടും ഏറ്റെടുക്കുകയും ആ സഹോദരന് നേരിടേണ്ടി വന്ന ബുദ്ധിമുട്ടിൽ ഒന്നുകൂടി ഖേദം രേഖപ്പെടുത്തുകയും ചെയ്യുന്നു. തുടർന്നും നിങ്ങൾ ഓരോരുത്തരിൽ നിന്നും എല്ലാ സഹകരണവും പിന്തുണയും അഭ്യർത്ഥിക്കുന്നു.
എഡിറ്റർ,
ദ്വീപ് മലയാളി.















