
കവരത്തി: IRCTC കപ്പൽ ടിക്കറ്റിംഗ് സംവിധാനം നിലവിൽ വന്നതിന് ശേഷം കപ്പൽ ടിക്കറ്റ് റിസർവ് ചെയ്യുന്നതിൽ ലക്ഷദ്വീപിലെ ഭിന്നശേഷിക്കാർ നേരിടുന്ന പ്രതിസന്ധികൾ ഉന്നയിച്ചുകൊണ്ട് കളക്ടർ ഡോ. ഗിരി ശങ്കർ ഐ എ എസിനു കത്ത് നൽകി ലക്ഷദ്വീപ് എം പി ഹംദുള്ളാ സഈദ്.

ഐ.ആർ.സി.ടി.സി ഓൺലൈൻ സംവിധാനം നിലവിൽ വരുന്നതിനു മുൻപ് ഭിന്നശേഷിക്കാർക്കും അവരുടെ കൂടെ സഹായത്തിനായി യാത്ര ചെയ്യുന്നവർക്കും കൗണ്ടർ വഴി ടിക്കറ്റ് നൽകിയിരുന്നു. എന്നാൽ പുതിയ ഓൺലൈൻ റിസർവേഷൻ നിലവിൽ വന്നതോടെ ഭിന്നശേഷിക്കാർക്കുള്ള ടിക്കറ്റ് കൗണ്ടറുകളിൽ വിതരണം ചെയ്യുന്നില്ല. ഇത് ഭിന്നശേഷിക്കാരായ നിരവധി യാത്രക്കാർക്ക് അസൗകര്യവും ബുദ്ധിമുട്ടും ഉണ്ടാക്കിയതായി കത്തിൽ പറയുന്നു. ഓൺലൈൻ ടിക്കറ്റിംഗ് സേവനം ഉപയോഗിക്കുന്നതിൽ പരിമിതികൾ ഉള്ള നിരവധിപേർ ദ്വീപിൽ ഉണ്ട്. ഇത് ഡിജിറ്റൽ സാക്ഷരതയുടെ കുറവോ മറ്റ് പരിമിതികളോ മൂലമാകാം. അതിനാൽ ഈ ബുദ്ധിമുട്ടുകൾ കണക്കിലെടുത്ത് പ്രശ്നം പരിഹരിക്കണമെന്ന് എം പി തന്റെ കത്തിൽ പറയുന്നു.
















