
ബംഗാരം: മത്സ്യബന്ധന മേഖലയിലെ ഉപയോഗപ്പെടുത്താത്ത സാധ്യതകൾ തുറക്കുക എന്ന ലക്ഷ്യത്തോടെ ലക്ഷദ്വീപ് ഭരണകൂടത്തിന്റെ ആഭിമുഖ്യത്തിൽ പ്രഥമ നിക്ഷേപക സംഗമം 2025 ഡിസംബർ 13-ന് ലക്ഷദ്വീപിലെ ബംഗാരം ദ്വീപിൽ സംഘടിപ്പിച്ചു. കേന്ദ്ര ഫിഷറീസ്, മൃഗസംരക്ഷണ ക്ഷീര വികസന മന്ത്രാലയത്തിന്റെ സഹകരണത്തോടെ സംഘടിപ്പിച്ച ഈ സംഗമം കേന്ദ്ര ഭരണ പ്രദേശത്തിന്റെ നീല സമ്പദ്‌വ്യവസ്ഥയ്ക്ക് ഉണർവേകുന്ന സുപ്രധാന ചുവടുവെപ്പായി. കേന്ദ്ര ഫിഷറീസ്, മൃഗസംരക്ഷണ ക്ഷീര വികസന പഞ്ചായത്തീരാജ് മന്ത്രി ശ്രീ രാജീവ് രഞ്ജൻ സിങ്, സഹമന്ത്രിമാരായ പ്രൊഫ. എസ്.പി. സിങ് ബാഗേൽ, ശ്രീ ജോർജ് കുര്യൻ, ലക്ഷദ്വീപ് അഡ്മിനിസ്ട്രേറ്റർ ശ്രീ പ്രഫുൽ പട്ടേൽ എന്നിവരുടെ സാന്നിധ്യത്തിലായിരുന്നു പരിപാടി. ട്യൂണയും ആഴക്കടൽ മത്സ്യബന്ധനവും, കടൽപ്പായൽ കൃഷി, അലങ്കാര മത്സ്യബന്ധനം, മാലിന്യ സംസ്കരണം തുടങ്ങിയ മേഖലകളിൽ പ്രവർത്തിക്കുന്ന രാജ്യത്തെ 22 പ്രമുഖ നിക്ഷേപകരും സംരംഭകരും സംഗമത്തിൽ പങ്കെടുത്തു.
മത്സ്യബന്ധന-മത്സ്യകൃഷി മേഖലകളിലെ നിക്ഷേപത്തിനായി നാല് പ്രധാന മേഖലകളാണ് കേന്ദ്ര ഫിഷറീസ് വകുപ്പ് എടുത്തുകാട്ടിയത്.
- ട്യൂണ, ആഴക്കടൽ മത്സ്യബന്ധന സാധ്യതകൾ: ട്യൂണ മത്സ്യബന്ധനം, സംസ്കരണം, മൂല്യവർധിത ഉത്പന്നങ്ങൾ, കയറ്റുമതി എന്നിവയിൽ വലിയ നിക്ഷേപ സാധ്യതകളാണുള്ളത്. നിലവിൽ കണക്കാക്കുന്ന ഒരു ലക്ഷം ടൺ സാധ്യതയുടെ ചെറിയൊരംശം (ഏകദേശം 15,000 ടൺ) മാത്രമാണ് ലക്ഷദ്വീപിലെ നിലവിലെ ഉൽപ്പാദനം. അന്താരാഷ്ട്ര നിലവാരമുള്ള വിപണികളിലേക്ക് ‘ലക്ഷദ്വീപ് സുസ്ഥിര ട്യൂണ’ പോലുള്ള ബ്രാൻഡുകൾ എത്തിക്കാൻ നിക്ഷേപകർക്ക് അവസരമുണ്ട്.
- കടൽപ്പായൽ കൃഷി: 4200 ചതുരശ്ര കിലോമീറ്ററിലധികം വിസ്തൃതിയുള്ള കായൽ പ്രദേശം കടൽപ്പായൽ കൃഷിക്ക് അനുയോജ്യമാണ്. കൃഷിരീതികൾ, ബയോമാസ് സംസ്കരണം, ജൈവ ഉത്പന്ന നിർമ്മാണം എന്നിവയ്ക്ക് പ്രോത്സാഹനമുണ്ട്. പുറംകടൽ കടൽപ്പായൽ കൃഷി സുഗമമാക്കുന്നതിനായി ലക്ഷദ്വീപ് ഭരണകൂടം ഒരു പാട്ട നയം വികസിപ്പിച്ചുവരുന്നു.
- അലങ്കാര മത്സ്യങ്ങൾ: 35 മത്സ്യവർഗ്ഗങ്ങളിലായി ഏകദേശം 300 ഇനം കടൽ മത്സ്യങ്ങളാൽ സമ്പന്നമായ ലക്ഷദ്വീപിൽ, ഹാച്ചറികളും ബ്രൂഡ് ബാങ്കുകളും സംയോജിത വളർത്തൽ കേന്ദ്രങ്ങളും സ്ഥാപിക്കാൻ സാധ്യതയുണ്ട്. ഇത് കയറ്റുമതി ലക്ഷ്യമാക്കിയുള്ള സുസ്ഥിര പ്രജനനത്തിന് വഴിയൊരുക്കും.
- പുറംകടൽ കൂടുകൃഷി (Offshore Cage Culture): 4 ലക്ഷം ചതുരശ്ര കിലോമീറ്റർ വിസ്തൃതിയുള്ള പ്രത്യേക സാമ്പത്തിക മേഖല (EEZ) സുസ്ഥിര സമുദ്ര മത്സ്യകൃഷിക്ക് ഉപയോഗിക്കാനാകും.
പരിപാടിയുടെ ഭാഗമായി 500 കോടിയിലധികം രൂപയുടെ നിക്ഷേപ നിർദേശങ്ങളാണ് വിഭാവനം ചെയ്തിരിക്കുന്നത്. നിക്ഷേപക സംരംഭങ്ങൾക്കായി ലക്ഷദ്വീപിൽ ഒരു ഏകജാലക സംവിധാനം വികസിപ്പിച്ചുകൊണ്ടിരിക്കുകയാണെന്നും അധികൃതർ അറിയിച്ചു. സുസ്ഥിര വളർച്ച ഉറപ്പാക്കിക്കൊണ്ട് ലക്ഷദ്വീപിന്റെ നീല സമ്പദ്‌വ്യവസ്ഥയുടെ വലിയ സാധ്യതകൾ തുറക്കുന്നതിൽ ഈ നിക്ഷേപക സംഗമം നിർണായക പങ്ക് വഹിക്കുമെന്നാണ് പ്രതീക്ഷ.
















