
കവരത്തി: ലക്ഷദ്വീപ് ഭാരതീയ ജനതാ പാർട്ടിക്കെതിരെയും പാർട്ടി നേതാക്കൾക്കെതിരെയും കഴിഞ്ഞ ദിവസങ്ങളിലായി സമൂഹമാധ്യമങ്ങളിലും ചില മാധ്യമങ്ങളിലൂടെയും നടക്കുന്ന കള്ളപ്രചാരണങ്ങളെ ലക്ഷദ്വീപ് ബി.ജെ.പി. സ്റ്റേറ്റ് കമ്മിറ്റി ശക്തമായി അപലപിച്ചു. പാർട്ടിയെ അപകീർത്തിപ്പെടുത്താനും നേതാക്കളെ ജനമധ്യത്തിൽ മോശമായി ചിത്രീകരിക്കാനുമുള്ള ഗൂഢശ്രമം നടക്കുന്നതായി പാർട്ടി സ്റ്റേറ്റ് കമ്മിറ്റി സംയുക്ത പ്രസ്താവനയിലൂടെ അറിയിച്ചു.
ലക്ഷദ്വീപ് ബി.ജെ.പി. സ്റ്റേറ്റ് വൈസ് പ്രസിഡന്റ് ജാഫർ ഷാ, നാഷണൽ കൗൺസിൽ അംഗങ്ങളായ എച്ച്.കെ. മുഹമ്മദ് കാസിം, സയ്യിദ് മുഹമ്മദ് കോയ മാസ്റ്റർ എന്നിവരാണ് സംയുക്ത പ്രസ്താവന പുറത്തിറക്കിയത്.
”പാർട്ടിയോടുള്ള അചഞ്ചലമായ വിശ്വാസവും സത്യനിഷ്ഠയും പാലിച്ച് പ്രവർത്തിക്കുന്ന നേതാക്കളെയും പ്രവർത്തകരെയും അപകീർത്തിപ്പെടുത്താനുള്ള ശ്രമങ്ങൾ സ്വാർത്ഥതാല്പര്യങ്ങളും അധികാരമോഹവുമുള്ള ഏതാനും വ്യക്തികളിൽ നിന്നുള്ളതാണ്,” പ്രസ്താവനയിൽ പറയുന്നു. ഇവർ പാർട്ടിയുടെ നിലപാടുകളോട് യോജിക്കാത്തവരും പാർട്ടി തത്വങ്ങൾക്കെതിരായ പ്രവൃത്തികളിൽ ഏർപ്പെട്ടവരുമാണെന്ന് കമ്മിറ്റി ചൂണ്ടിക്കാട്ടി. വ്യക്തിപരമായ ലാഭനഷ്ടങ്ങൾ മുന്നിൽ കണ്ടാണ് തികച്ചും സത്യവിരുദ്ധമായ വിവരങ്ങൾ പ്രചരിപ്പിക്കുകയും പാർട്ടി നേതൃത്വത്തെയും സംഘടനാ സംവിധാനത്തെയും തകർക്കാൻ ശ്രമിക്കുകയും ചെയ്യുന്നതെന്നും നേതാക്കൾ വ്യക്തമാക്കി.
ഇത്തരം കള്ളപ്രചാരണങ്ങളെ ലക്ഷദ്വീപ് ബി.ജെ.പി. സ്റ്റേറ്റ് കമ്മിറ്റി കർശനമായി എതിർക്കുന്നു. പാർട്ടിയുടെ വളർച്ചയെയും ജനസേവന പ്രതിബദ്ധതയെയും ബാധിക്കുന്ന ഈ ശ്രമങ്ങൾ പരാജയപ്പെടും. “സമഗ്ര വികസനവും ജനക്ഷേമവും” എന്ന ലക്ഷ്യം മുൻനിർത്തി പാർട്ടി മുന്നോട്ട് പോകുമെന്നും സ്റ്റേറ്റ് കമ്മിറ്റി അറിയിച്ചു.
പാർട്ടി പ്രവർത്തകരോടും പൊതുജനങ്ങളോടും ബി.ജെ.പി. കമ്മിറ്റി പ്രത്യേക അഭ്യർത്ഥനയും നടത്തി. അസത്യ പ്രചാരണങ്ങൾക്കും വ്യാജവാർത്തകൾക്കും ഇരയാകാതിരിക്കുക. സത്യസന്ധമായ വിവരങ്ങൾക്കായി പാർട്ടിയുടെ ഔദ്യോഗിക അറിയിപ്പുകൾക്കും പ്രസ്താവനകൾക്കും മാത്രമേ വിശ്വാസം നൽകാവൂ എന്നും പ്രസ്താവനയിൽ ആവശ്യപ്പെട്ടു.
















