
കവരത്തി: ലക്ഷദ്വീപിലെ കോളേജുകളിലേക്കുള്ള അസിസ്റ്റന്റ് പ്രൊഫസർമാരുടെ കരാർ നിയമനങ്ങളിൽ വ്യാപകമായ ക്രമക്കേടും മാനദണ്ഡ ലംഘനങ്ങളും നടന്നതായി പരാതി. യുജിസി (യൂണിവേഴ്സിറ്റി ഗ്രാന്റ്‌സ് കമ്മീഷൻ) നിഷ്കർഷിക്കുന്ന മാനദണ്ഡങ്ങൾ കാറ്റിൽ പറത്തിക്കൊണ്ട് കരാർ അടിസ്ഥാനത്തിൽ അസിസ്റ്റന്റ് പ്രൊഫസർമാരെ നിയമിച്ചുകൊണ്ടുള്ള ഉത്തരവ് 2025 സെപ്റ്റംബർ 23-ന് പുറത്തിറങ്ങിയതോടെയാണ് ഉദ്യോഗാർത്ഥികൾക്കിടയിൽ പ്രതിഷേധം ശക്തമായത്.
കേന്ദ്ര ഗവൺമെന്റ് പോർട്ടലായ സർവീസ് പ്ലസ് വഴി അപേക്ഷ സമർപ്പിച്ച ഭൂരിഭാഗം ഉദ്യോഗാർത്ഥികളുടെയും പ്രതീക്ഷകൾക്ക് വിരുദ്ധമാണ് നിലവിലെ നിയമന ഫലം. നിയമനത്തിന് അടിസ്ഥാനമാക്കിയ യോഗ്യതാ മാനദണ്ഡങ്ങളാണ് പ്രധാനമായും വിവാദങ്ങൾക്ക് തിരികൊളുത്തിയിരിക്കുന്നത്.
ഉയർന്ന യോഗ്യതയായ പിഎച്ച്.ഡി. എം.ഫിൽ എന്നിവ തഴയപ്പെട്ടു. നിയമനത്തിനായി യു. ജി., പി.ജി., യു.ജി.സി. ജെ.ആർ.എഫ്/നെറ്റ് യോഗ്യതകൾ മാത്രമാണ് 60% പ്രാധാന്യത്തോടെ അടിസ്ഥാന മാനദണ്ഡമായി പരിഗണിച്ചത്. എന്നാൽ, പി.എച്ച്.ഡി. ഉൾപ്പെടെയുള്ള ഉന്നത യോഗ്യതകൾ, ഗവേഷണ പ്രസിദ്ധീകരണങ്ങൾ, സെമിനാറുകൾ തുടങ്ങിയവയുടെ മൂല്യം വെറും 10% ആയി തരംതാഴ്ത്തിയത് ഉദ്യോഗാർത്ഥികളെ ഞെട്ടിച്ചു. ഉന്നത വിദ്യാഭ്യാസ രംഗത്തെ ഗവേഷണ മികവിനെ ഇത്രയധികം അവഗണിച്ചത് ലക്ഷദ്വീപിലെ വിദ്യാഭ്യാസ മേഖലയുടെ നിലവാരത്തകർച്ചയ്ക്ക് വഴിവയ്ക്കുമെന്ന് ഉദ്യോഗാർത്ഥികൾ ചൂണ്ടിക്കാട്ടുന്നു.
ഓൺലൈൻ അഭിമുഖം പ്രഹസനമായി
നിയമനത്തിനുള്ള 30% മാർക്ക് നിശ്ചയിച്ചിരുന്ന ഓൺലൈൻ ഇൻ്റർവ്യൂ വെറും പ്രഹസനമായിരുന്നുവെന്ന് ഭൂരിഭാഗം അപേക്ഷകരും പരാതിപ്പെട്ടു. സുതാര്യത ഉറപ്പാക്കാൻ ആവശ്യമായ യാതൊരു നടപടികളും അധികൃതർ സ്വീകരിച്ചില്ലെന്നും ഉദ്യോഗാർത്ഥികൾ ആരോപിക്കുന്നു.
വിവാദങ്ങൾക്ക് ആക്കം കൂട്ടിക്കൊണ്ട്, നിയമനം ലഭിച്ചവർക്ക് ലഭിച്ച മാർക്കിൻ്റെ ഒരു വിവരവും നിയമന ഉത്തരവിൽ നൽകിയിട്ടില്ല. ഇതോടെ, നിയമനത്തിൻ്റെ സുതാര്യത സംബന്ധിച്ച് ഗുരുതരമായ സംശയങ്ങൾ ഉയർന്നിരിക്കുകയാണ്.
ഉന്നത വിദ്യാഭാസ സെൽ നോഡൽ ഓഫീസറുടെ ധിക്കാരപരമായ സമീപനം നിയമനങ്ങളിലെ ക്രമക്കേടുകൾ സംബന്ധിച്ച അന്വേഷണം തടയുന്നു. ഇവരോട് ഉന്നത വിദ്യാഭ്യാസ സെല്ലിൻ്റെ ദ്വീപുകാരനായ മേധാവി തട്ടിക്കയറുന്ന നിലപാടാണ് സ്വീകരിച്ചതെന്നും പരാതിയുണ്ട്. നിയമനത്തിൽ സംശയം പ്രകടിപ്പിച്ചവരെ ഭീഷണിപ്പെടുത്തുന്ന തരത്തിലാണ് ഇദ്ദേഹത്തിൻ്റെ പ്രതികരണമെന്നും ആരോപണമുയരുന്നു.
നമ്മുടെ നാട്ടിലെ ഉന്നത വിദ്യാഭ്യാസ മേഖലയുടെ മൂല്യത്തകർച്ച ലക്ഷ്യമാക്കുന്ന ഇത്തരം നീക്കങ്ങൾക്കെതിരെ ശക്തമായ പ്രതിഷേധമുയരേണ്ടത് അത്യാവശ്യമാണെന്ന് ഉദ്യോഗാർത്ഥികളും വിദ്യാഭ്യാസ പ്രവർത്തകരും ആവശ്യപ്പെട്ടു. നിയമന ഉത്തരവ് പിൻവലിച്ച് സുതാര്യമായ പുതിയ റാങ്ക് ലിസ്റ്റ് പ്രസിദ്ധീകരിക്കണമെന്നാണ് ഇവരുടെ പ്രധാന ആവശ്യം.
നിയമനങ്ങളിലെ ഈ ക്രമക്കേടുകൾക്കെതിരെ നിയമപരമായി മുന്നോട്ട് പോകാൻ ഒരുങ്ങുകയാണ് ഒരു വിഭാഗം ഉദ്യോഗാർത്ഥികൾ. ലക്ഷദ്വീപ് ഭരണകൂടം ഈ വിഷയത്തിൽ അടിയന്തരമായി ഇടപെടണമെന്നും നീതി ഉറപ്പാക്കണമെന്നുമാണ് പൊതുവേയുള്ള ആവശ്യം.
