
മലപ്പുറം: ആന്ത്രോത്ത് ദ്വീപിൽ കാണാതായ നാജിയ ബോട്ട് താനൂരിൽ നിന്നും കണ്ടെത്തി. താനൂർ തീരത്തിനടുത്ത് കടലിൽ തിരമാലയിൽ പെട്ട് നീങ്ങുകയായിരുന്ന ബോട്ടിനെ പ്രാദേശികമായി മത്സ്യബന്ധനം നടത്തുന്ന ഒഴുക്കുവലക്കാർക്കാണ് കിട്ടിയത്. നാല് മത്സ്യബന്ധന തൊഴിലാളികളും സുരക്ഷിതരാണ് എന്ന് മലപ്പുറം ഫിഷറീസ് വകുപ്പ് അറിയിച്ചിട്ടുണ്ട്.
ശംസുദ്ദീൻ എ, അനീസ് സി.പി, ഖുദത്ത് അലി ഖാൻ എ, റഹ്മത്തുള്ളാ ഇ.കെ എന്നീ മത്സ്യബന്ധന തൊഴിലാളികളാണ് ബോട്ടിൽ ഉണ്ടായിരുന്നത്. ഇവരുമായി താനൂരിൽ നിന്നും മത്സ്യബന്ധനത്തിന് പോയ ബോട്ട് തിരികെ താനൂർ ഹാർബറിലേക്ക് പുറപ്പെട്ടിട്ടുണ്ട്. ഏകദേശം ഉച്ചയ്ക്ക് ശേഷം 3.30 ഓടെ ഇവർ താനൂർ ഹാർബറിൽ എത്തിച്ചേരും എന്നാണ് മലപ്പുറം ജില്ലാ ഫിഷറീസ് അധികൃതർ അറിയിച്ചത്.
