
ന്യൂഡൽഹി: ഇന്ത്യൻ മഹാസമുദ്രത്തിൽ നാവികസേനക്ക് കൂടുതൽ കരുത്ത് പകരാൻ തദ്ദേശീയമായി നിർമ്മിച്ച അന്തർവാഹിനി യുദ്ധക്കപ്പൽ (ആന്റി-സബ്മറൈൻ വാർഫെയർ-ഷാലോ വാട്ടർ ക്രാഫ്റ്റ്) ഐഎൻഎസ് ആന്ത്രോത്ത് നാവികസേനക്ക് കൈമാറി. പ്രതിരോധ നിർമാണ മേഖലയിൽ രാജ്യം കൈവരിച്ച വലിയ മുന്നേറ്റമാണിതെന്ന് പ്രതിരോധ മന്ത്രാലയം അറിയിച്ചു. കൊൽക്കത്തയിലെ ഗാർഡൻ റീച്ച് ഷിപ്പ് ബിൽഡേഴ്സ് ആൻഡ് എൻജിനീയേഴ്സാണ് (GRSE) ഐഎൻഎസ് ആന്ത്രോത്ത് നിർമ്മിച്ചത്.
ലക്ഷദ്വീപിലെ ആന്ത്രോത്ത് ദ്വീപിന്റെ പേരാണ് ഈ യുദ്ധക്കപ്പലിന് നൽകിയിരിക്കുന്നത്. പദ്ധതിയുടെ ഭാഗമായി നിർമ്മിക്കുന്ന എട്ട് അന്തർവാഹിനി യുദ്ധക്കപ്പലുകളിൽ രണ്ടാമത്തേതാണ് ഐഎൻഎസ് ആന്ത്രോത്ത്. ഏകദേശം 77 മീറ്റർ നീളമുള്ള ഈ കപ്പൽ, ഡീസൽ എൻജിൻ-വാട്ടർജെറ്റ് സംയോജനത്തിലൂടെയാണ് പ്രവർത്തിക്കുന്നത്. ആധുനിക സാങ്കേതികവിദ്യകളായ ലഘു ടോർപിഡോകളും തദ്ദേശീയമായി വികസിപ്പിച്ച ആന്റി-സബ്മറൈൻ റോക്കറ്റുകളും ഇതിൽ സജ്ജീകരിച്ചിട്ടുണ്ട്. നിർമ്മാണത്തിന് ഉപയോഗിച്ചവയിൽ 80 ശതമാനത്തിലധികവും ഇന്ത്യയിൽ നിർമ്മിച്ച ഘടകങ്ങളാണ്.
