ആന്ത്രോത്ത്: കഴിഞ്ഞ ദിവസം സ്പോർട്സ് അതോറിറ്റി ഓഫ് ഇന്ത്യ (സായ്) ആന്ത്രോത്ത് സെൻ്ററിൽ നടന്ന ദേശീയ കായിക ദിനത്തോടനുബന്ധിച്ച് നടന്ന പരിപാടിയിൽ വിവാദം. സായി സെൻറർ ഇൻ ചാർജ്ജും വോളിബോൾ കോച്ചുമായ ശ്രീ മുഹമ്മദ് ഷെഫീക്കിന് എതിരെ ആന്ത്രോത്ത് ഡെപ്യൂട്ടി കളക്ടർ ജാതീയ അധിക്ഷേപം നടത്തിയതായി പരാതി. സായ് സെന്റർ ഇൻ ചാർജ്ജ് സൂപ്രണ്ട് ഓഫ് പോലീസിന് നൽകിയ പരാതിയിൽ ഡെപ്യൂട്ടി കളക്ടർക്കെതിരെ നിയമപരമായ നടപടികൾ എടുക്കണം എന്ന് ആവശ്യപ്പെട്ടു.

ലക്ഷദ്വീപിലെ കല്പേനി ദ്വീപ് സ്വദേശിയും സ്പോർട്സ് അതോറിറ്റി ഓഫ് ഇന്ത്യ (SAI) യിലെ സെന്റർ ഇൻ ചാർജും വോളിബോൾ പരിശീലകനുമായ ഈ ഉദ്യോഗസ്ഥൻ, ആന്ത്രോത്ത് ദ്വീപിൽ നടന്ന ദേശീയ കായിക ദിനാഘോഷവുമായി ബന്ധപ്പെട്ട സംഭവത്തിൽ ഡെപ്യൂട്ടി കളക്ടർ മുകുന്ദ് വല്ലഭ് ജോഷിക്കെതിരെ ഗുരുതരമായ ആരോപണവുമായി രംഗത്തെത്തി.

2025 ഓഗസ്റ്റ് 29-ന് ദേശീയ കായിക ദിനം വിപുലമായ രീതിയിൽ സംഘടിപ്പിക്കണമെന്ന് SAI ഹെഡ് ഓഫീസ്, നൽകിയ നിർദ്ദേശമനുസരിച്ച് പരിപാടിയുടെ ഉദ്ഘാടന ചടങ്ങിലേക്ക് ലക്ഷദ്വീപ് എംപി, അഡ്മിനിസ്ട്രേറ്ററുടെ അഡ്വൈസർ, ഡിസ്ട്രിക്ട് കളക്ടർ, സ്പോർട്സ് ആൻഡ് യൂത്ത് അഫയേഴ്സ് സെക്രട്ടറി എന്നിവർക്ക് ക്ഷണം നൽകി. സ്പോർട്സ് ആൻഡ് യൂത്ത് അഫയേഴ്സ് സെക്രട്ടറി പങ്കെടുക്കുമെന്ന് സ്ഥിരീകരിക്കുകയും ചെയ്തു. തുടർന്ന് സ്ഥലത്തെ ഉന്നത ഉദ്യോഗസ്ഥൻ എന്ന നിലയ്ക്ക് ഡെപ്യൂട്ടി കളക്ടറെ ക്ഷണിക്കുവാൻ ആയി സായി പരിശീലകർ ആന്ത്രോത്ത് ഡി സി ഓഫീസിൽ എത്തി ഡെപ്യൂട്ടി കളക്ടറുമായി നേരിൽ കണ്ട് പരിപാടിയുടെ കാര്യങ്ങൾ അവതരിപ്പിക്കുകയും പരിപാടിയിലേക്ക് ക്ഷണിക്കുകയും ചെയ്തു. ആന്ത്രോത്ത് ദ്വീപിൽ എന്തു പരിപാടി ഉണ്ടെങ്കിലും അത് താൻ പറയുന്നത് പോലെ പരിപാടി നടത്തുകയും ആ പരിപാടിയിലേക്ക് ക്യാഷ് പ്രൈസ് കൊടുക്കുകയും ചെയ്യണമെന്ന് അദ്ദേഹം പറഞ്ഞു. ക്ഷണിക്കുവാൻ പോയ പരിശീലകർ തങ്ങൾ പ്രതിനിധാനം ചെയ്യുന്ന സ്പോർട്സ് അതോറിറ്റി ഓഫ് ഇന്ത്യ നടത്തുന്ന പരിപാടിയിൽ അതോറിറ്റിയുടെ നിർദ്ദേശം ഇല്ലാതെ പരിപാടിയിൽ മാറ്റങ്ങൾ വരുത്തുവാൻ സാധിക്കില്ലെന്ന് അറിയിച്ചു. ഇത് കേട്ട ഉടനെ മുകുന്ദ് വല്ലഭ് ജോഷി കയ്യിലിരുന്ന ഇൻവിറ്റേഷൻ ലെറ്റർ മേശപ്പുറത്തേക്ക് വലിച്ചെറിയുകയും ക്ഷണം നിരസിക്കുകയും ചെയ്തു.

പിന്നീട് ദേശീയ കായിക ദിനത്തിന്റെ വിപുലമായ പരിപാടിയുടെ ഒരുക്കങ്ങൾ നടക്കുന്ന ഗ്രൗണ്ടിലേക്ക് ഡെപ്യൂട്ടി കളക്ടർ മുകുന്ദ് വല്ലഭ് ജോഷി വരികയും സെൻറർ ഇൻ ചാർജ് ആയ മുഹമ്മദ് ഷഫീഖിനെ കണ്ട് നിങ്ങൾ എന്തിനാണ് ഈ പരിപാടിയിലേക്ക് ലക്ഷദ്വീപ് സ്പോർട്സ് ആൻഡ് യൂത്ത് അഫയേഴ്സ് സെക്രട്ടറിയെ ക്ഷണിച്ചത് എന്ന് ചോദിക്കുകയും ചെയ്തു. ആന്ത്രോത്ത് മൂലയിലുള്ള സർദാർ വല്ലഭായി പട്ടേൽ സ്റ്റേഡിയത്തിനായി ഏറ്റെടുത്ത ഭൂമി സായ് സെന്ററിനായി കൈമാറും എന്ന് നേരത്തെ സർക്കാർ അറിയിച്ചിട്ടുണ്ടെങ്കിലും അതുമായി ബന്ധപ്പെട്ട് ഒരു നടപടിയും ഉണ്ടായിട്ടില്ല എന്നും, ആ വിഷയം ഒന്നുകൂടി സെക്രട്ടറിയുടെ ശ്രദ്ധയിൽ പെടുത്തി തുടർനടപടികൾ സ്വീകരിക്കുവാനും അത് വേഗത്തിൽ ആക്കുവാനും ആണ് സെക്രട്ടറിയെ ക്ഷണിച്ചത് എന്ന് സെന്റർ ഇൻ ചാർജ് ഡിസിയോട് പറഞ്ഞു.

ഇവിടെ എന്ത് ചെയ്യണം എന്ന് താനാണ് തീരുമാനിക്കുന്നത് എന്നും, സെക്രട്ടറിയല്ല, ലക്ഷദ്വീപ് അഡ്മിനിസ്ട്രേറ്റർ തീരുമാനിച്ചാലും ആ ഭുമി സായ് സെന്ററിന് കൈമാറില്ല എന്നും മുകുന്ദ് വല്ലഭ് ജോഷി പറഞ്ഞതായി സെൻറർ ഇൻ ചാർജ് പറയുന്നു. ഇതുകൂടാതെ ഹിന്ദിയിൽ മാതാവിനെയും സഹോദരിയെയും വരെ ചേർത്ത് കേട്ടാൽ അറക്കുന്ന പച്ചത്തെറികൾ പറയുകയും, “നീ കൽപ്പേനി ദ്വീപുകാരനല്ലേ?, കൽപ്പേനിയുടെയും ചുമതലയുള്ള എക്സിക്യൂട്ടീവ് മജിസ്ട്രേറ്ററാണ് ഞാൻ, അവിടെ നിന്റെ കുടുംബം മര്യാദക്ക് ജീവിക്കുന്നത് എനിക്കൊന്ന് കാണണം” “ നീ പട്ടികജാതി വിഭാഗത്തിൽ പെട്ട ആളാണെന്നും, ഉന്നത ജാതിക്കാരെ പേടിച്ച് ജീവിക്കേണ്ടവരാണ് നീ” എന്ന രീതിയിൽ പൊതുവേദിയിൽ ജാതീയമായി അധിക്ഷേപം നടത്തി എന്ന ഗുരുതരമായ കാര്യങ്ങളാണ് ശഫീഖ് നൽകിയ പരാതിയിൽ പറയുന്നത്. സംഭവസമയത്ത് സഹപ്രവർത്തകരും മറ്റു ജീവനക്കാരും സന്നിഹിതരായിരുന്നുവെന്നും അദ്ദേഹം വ്യക്തമാക്കുന്നു. എക്സിക്യൂട്ടീവ് മജിസ്ട്രേറ്റിന്റെ ചുമതല കൂടി വഹിക്കുന്ന മുകുന്ദ് വല്ലഭ് ജോഷിക്കെതിരെ ലക്ഷദ്വീപ് പോലീസ് സൂപ്രണ്ടിന് ഇ മൈൽ മുഖേന അയച്ച പരാതിയുടെ പകർപ്പ് ആന്ത്രോത്ത് എസ്.എച്ച്.ഓക്ക് നൽകി. തുടർന്ന് ആന്ത്രോത്ത് എസ്.എച്ച്.ഒ മുഹമ്മദ് ശഫീഖിന്റെ മൊഴി രേഖപ്പെടുത്തിയെങ്കിലും തുടർ നടപടികൾ ഒന്നും ഉണ്ടായിട്ടില്ല.

ഈ സാഹചര്യത്തിൽ, തന്റെ ഔദ്യോഗിക ജീവിതത്തെയും കുടുംബത്തെയും ബാധിക്കുന്ന തരത്തിൽ ഭീഷണി മുഴക്കുകയും അധിക്ഷേപിക്കുകയും അസഭ്യം പറയുകയും ചെയ്ത മുകുന്ദ് വല്ലഭ് ജോഷിക്കെതിരെ ശക്തമായ നിയമനടപടി സ്വീകരിക്കണമെന്ന് സായ് പരിശീലകൻ അധികൃതരോട് ആവശ്യപ്പെട്ടു.

വോളിബോൾ കോർട്ട് അന്നും ഇന്നും

2017-ൽ SAIയിൽ ജോലിയിൽ ചേർന്ന് പഞ്ചാബിലും പിന്നീട് ആന്ത്രോത്തിലും സേവനം അനുഷ്ഠിച്ചു വരുന്ന പരിശീലകനായ മുഹമ്മദ് ശഫീഖ്, നിരവധി അന്താരാഷ്ട്ര, ദേശീയ താരങ്ങളെ ഇന്ത്യക്കായി തയ്യാറാക്കിയിട്ടുണ്ട്. ആന്ത്രോത്ത് SAI ട്രെയിനിംഗ് സെന്ററിലൂടെ ലക്ഷദ്വീപ് വിദ്യാർത്ഥികളെ ദേശീയ-അന്താരാഷ്ട്ര തലത്തിലേക്ക് ഉയർത്താനുള്ള പ്രവർത്തനങ്ങൾ അദ്ദേഹം നടത്തി വരികയാണ്. ആന്ത്രോത്ത് ദ്വീപിലെ കായിക മേഖലയെ മെച്ചപ്പെടുത്തുന്നതിന് വേണ്ടി സമീപകാലത്ത് അദ്ദേഹം നടത്തിയ പരിശ്രമങ്ങൾ ഏറെ പ്രശംസനീയമാണ്. അദ്ദേഹം ആന്ത്രോത്ത് സായ് സെന്ററിന്റെ ചുമതല ഏറ്റെടുത്ത ശേഷം, കളിക്കാർക്ക് പോലും ആവശ്യമായ ഇരിപ്പിട സൗകര്യങ്ങൾ ഇല്ലാതിരുന്ന വോളിബോൾ കോർട്ട് പ്രൊഫഷണൽ നിലവാരത്തിലേക്ക് ഉയർത്തി നവീകരിക്കുകയും അഞ്ഞൂറോളം കാണികൾക്ക് ഒരേസമയം ഇരുന്ന് കളി കാണാനുള്ള സൗകര്യങ്ങൾ ഏർപ്പെടുത്തുകയും ചെയ്തു. മുമ്പ് ഒരിക്കലും ഇല്ലാത്ത രീതിയിൽ പുല്ലുകളും മറ്റും വെട്ടിമാറ്റി കളിസ്ഥലങ്ങൾ സായ് ജീവനക്കാരെ ഉപയോഗിച്ച് ദിനേനയെന്നോണം പരിപാലിച്ചു വരുന്നു. നേരത്തെ സായ് കേന്ദ്രത്തിലെ കായിക താരങ്ങൾക്ക് മാത്രമായി പ്രത്യേകമായ ഫിറ്റ്നസ് സെൻ്റർ ഉണ്ടായിരുന്നില്ല. അദ്ദേഹം നടത്തിയ പരിശ്രമങ്ങളുടെ ഭാഗമായി സായ് സെന്ററിലെ കായിക താരങ്ങൾക്ക് മാത്രമായി പ്രത്യേക ഫിറ്റ്നസ് സെൻ്റർ യാഥാർത്ഥ്യമാക്കുകയും അതിനൂതനമായ ഫിറ്റ്നസ് ഉപകരണങ്ങൾ സ്ഥാപിക്കുകയും ചെയ്തു. സായ് ഓഫീസിലേക്ക് പ്രത്യേകമായ പ്രവേശന കവാടം ഒരുക്കുകയും കായിക താരങ്ങൾക്ക് നേരിട്ട് അവരുടെ ആവശ്യങ്ങൾക്കായി കടന്നു വരാൻ പറ്റുന്ന സാഹചര്യം ഒരുക്കുകയും ചെയ്തു. കൂടാതെ കായിക താരങ്ങൾക്ക് റസിഡൻഷ്യൽ സൗകര്യങ്ങൾ ഒരുക്കി അവരുടെ പരിശീലനം കൂടുതൽ മെച്ചപ്പെട്ടതാക്കി മാറ്റുന്നതിനുള്ള നടപടികൾ പുരോഗമിക്കുകയാണ്. അദ്ദേഹത്തിൻ്റെ നിരന്തരമായ ഇടപെടലുകളുടെ ഫലമായി സായ് സെൻ്റർ റസിഡൻഷ്യൽ ആക്കുന്നതിനായുള്ള മെസ്സ് ഹാൾ, ഡൈനിംഗ് ഹാൾ എന്നിവക്ക് അംഗീകാരം ലഭിക്കുകയും, അതിൻ്റെ പ്രവർത്തനങ്ങൾ അവസാന ഘട്ടത്തിലേക്ക് എത്തി നിൽക്കുകയുമാണ്.

സായ് സെന്റർ ആന്ത്രോത്ത്, അന്നും ഇന്നും

ദേശീയ തലത്തിൽ തന്നെ വോളിബോൾ കോച്ചിംഗിലൂടെ തന്റെ കഴിവു തെളിയിച്ച വ്യക്തിയാണ് ആന്ത്രോത്ത് സായ് സെന്റർ ഇൻ ചാർജ്ജ് മുഹമ്മദ് ശഫീഖ്. ലക്ഷദ്വീപിലെ കായിക മേഖലയിൽ അദ്ദേഹം നടത്തിയ പ്രവർത്തനങ്ങൾ എല്ലാ കായിക പ്രേമികൾക്കും അറിയാവുന്നതുമാണ്. അത്തരം ഒരു പരിശീലകന്റെ മനോവീര്യം തന്നെ തകർക്കുന്ന രീതിയിൽ ആന്ത്രോത്ത് ഡെപ്യൂട്ടി കളക്ടർ മുകുന്ദ് വല്ലഭ് ജോഷി നടത്തിയ ജാതീയ അധിക്ഷേപത്തിനെതിരെ ശക്തമായ നടപടികൾ സ്വീകരിക്കണമെന്ന് കായിക പ്രേമികൾ ഒറ്റക്കെട്ടായി ആവശ്യപ്പെടുകയാണ്.

LEAVE A REPLY

Please enter your comment!
Please enter your name here