
ബ്രൂണെക്കെതിരെ ഇന്ത്യൻ അണ്ടർ-23 ടീമിന് ആവേശോജ്ജ്വല വിജയം. എഎഫ്സി അണ്ടർ-23 ഏഷ്യ കപ്പ് യോഗ്യതാ മത്സരത്തിലാണ് ഇന്ത്യ ഒന്നിനെതിരെ ആറ് ഗോളുകൾക്ക് ബ്രൂണെയെ പരാജയപ്പെടുത്തിയത്. ഇന്ത്യൻ യുവനിരയുടെ മികച്ച പ്രകടനമാണ് ബ്രൂണെക്കെതിരെ കണ്ടത്. മത്സരത്തിൽ പിറന്ന ആറു ഗോളുകളിൽ അഞ്ചും കേരള ബ്ലാസ്റ്റേഴ്സിൻ്റെ യുവതാരങ്ങളുടെ ബൂട്ടിൽ നിന്നായിരുന്നു.
മത്സരത്തിൽ തിളങ്ങിയത് യുവതാരം വിബിൻ മോഹനാണ്. വിബിൻ തൻ്റെ കരിയറിലെ ആദ്യ ഹാട്രിക്ക് മത്സരത്തിൽ സ്വന്തമാക്കി. രണ്ട് കിടിലൻ ഗോളുകളാണ് അയ്മൻ നേടിയത്. വിബിൻ്റെ ഗോളുകൾ 5, 7, 62 മിനിറ്റുകളിലായിരുന്നു. 87, 97 മിനിറ്റുകളിലായിരുന്നു അയ്മൻ്റെ ഗോളുകൾ. 41-ാം മിനിറ്റിൽ ആയുഷ് ഛേത്രിയും ഇന്ത്യക്കായി ഗോൾ നേടി. മത്സരത്തിൽ വിബിൻ മോഹൻ, അയ്മൻ, ആയുഷ് ഛേത്രി എന്നിവരുടെ പ്രകടനം എടുത്ത് പറയേണ്ടതാണ്.
ഇന്ത്യയുടെ മുന്നേറ്റ നിരയും പ്രതിരോധവും മികച്ച രീതിയിൽ പ്രവർത്തിച്ചതാണ് ഈ വിജയത്തിന് കാരണം. ബ്രൂണെ ആകട്ടെ, മത്സരത്തിൽ ഒട്ടും മികച്ച പ്രകടനമല്ല കാഴ്ചവെച്ചത്. ഈ വിജയം ഇന്ത്യൻ അണ്ടർ-23 ടീമിന് കൂടുതൽ ആത്മവിശ്വാസം നൽകും.
















