കവരത്തി: ലക്ഷദ്വീപിലെ ബിത്ര ദ്വീപിൽ ഭൂമി ഏറ്റെടുക്കാനുള്ള നീക്കത്തിനെതിരെ നാഷണലിസ്റ്റ് യൂത്ത് കോൺഗ്രസ് (NYC) സംസ്ഥാന കമ്മിറ്റി സെക്രട്ടറി മഹദാ ഹുസൈൻ നൽകിയ പരാതിയിൽ രാഷ്ട്രപതിയുടെ ഓഫീസ് ഇടപെട്ടു. പരാതിയുടെ വിശദാംശങ്ങൾ പരിശോധിച്ച് വ്യക്തത വരുത്താൻ രാഷ്ട്രപതിയുടെ സെക്രട്ടേറിയറ്റ് ലക്ഷദ്വീപ് ഭരണകൂടത്തോട് ആവശ്യപ്പെട്ടിരിക്കുകയാണ്.

പൂർണമായും പട്ടികജാതി വിഭാഗത്തിൽപ്പെട്ടവർ താമസിക്കുന്ന ബിത്ര ദ്വീപിൽ, ഗ്രാമപഞ്ചായത്തിൻ്റെ അനുമതിയില്ലാതെയും ദേശീയ പട്ടികജാതി കമ്മീഷനുമായി കൂടിയാലോചിക്കാതെയും ഭൂമി ഏറ്റെടുക്കാൻ ശ്രമിക്കുന്നു എന്നായിരുന്നു മഹദാ ഹുസൈൻ രാഷ്ട്രപതിക്ക് നൽകിയ പരാതിയിലെ പ്രധാന ആരോപണം. ഈ നടപടി ഭരണഘടനാ വിരുദ്ധവും നിയമവിരുദ്ധവുമാണെന്ന് അദ്ദേഹം ചൂണ്ടിക്കാട്ടിയിരുന്നു.

പരാതി രാഷ്ട്രപതിയുടെ ഓഫീസിൻ്റെ പരിഗണനയിൽ വന്നതോടെയാണ് ലക്ഷദ്വീപ് ഭരണകൂടം വിഷയത്തിൽ വിശദീകരണം നൽകേണ്ട സാഹചര്യം ഉടലെടുത്തത്. ഈ ഇടപെടൽ പട്ടികജാതി കമ്മീഷൻ ഉൾപ്പെടെയുള്ള കേന്ദ്ര ഏജൻസികളുടെ കൂടുതൽ പരിശോധനയ്ക്ക് വഴിയൊരുക്കുമെന്ന പ്രതീക്ഷയിലാണ് മഹദാ ഹുസൈൻ. വരും ദിവസങ്ങളിൽ ഈ വിഷയത്തിൽ കൂടുതൽ നടപടികൾ ഉണ്ടാകുമെന്നാണ് കരുതുന്നത്.

LEAVE A REPLY

Please enter your comment!
Please enter your name here