കവരത്തി: ലക്ഷദ്വീപ് സേനയിൽ വളരെ കാലമായി തുടരുന്ന ഒഴിവുള്ള തസ്തികകൾ നികത്തണം എന്ന് ആവശ്യപ്പെട്ടുകൊണ്ട് ഹോം മിനിസ്ട്രിക്ക് കത്തയച്ച് ലോക് ജനശക്തി പാർട്ടി ലക്ഷദ്വീപ് ഘടകം. ഇവിടെ ഏകദേശം 19 വർഷങ്ങൾക്ക് മുമ്പ് ആണ് പോലീസ് മറൈൻ ഫോഴ്‌സിലേക്കുള്ള നിയമനങ്ങൾ അവസാനമായി നടന്നത്. ലക്ഷദ്വീപ് തീരദേശ പോലീസിലേക്കുള്ള റിക്രൂട്ട്‌മെന്റ് നടന്നിട്ടും ഏകദേശം 15 വർഷത്തോളമായി. ലോക്കൽ പോലീസിലേക്കുള്ള റിക്രൂട്ട്‌മെന്റ് നടന്നിട്ടും 10 വർഷത്തിലേറെ ആയി. ഇതിനാൽ തന്നെ ഇൻസ്‌പെക്ടർ, സബ്-ഇൻസ്‌പെക്ടർ, അസിസ്റ്റന്റ് സബ്-ഇൻസ്‌പെക്ടർ (എ.എസ്‌.ഐ), കോൺസ്റ്റബിൾമാർ തുടങ്ങിയ തസ്തികകളിൽ നൂറുകണക്കിന് ഒഴിവുകളാണ് ഉള്ളത്.

നിലവിൽ ലക്ഷദ്വീപ് പോലീസ് വകുപ്പിൽ ഒരു അസിസ്റ്റന്റ് സബ്-ഇൻസ്‌പെക്ടർ മാത്രമാണ് ഉള്ളത്. വയർലെസ് യൂണിറ്റിലെ എല്ലാ ഉദ്യോഗസ്ഥരും സർവീസിൽ നിന്ന് വിരമിച്ചു. ഇവിടെ റെഗുലർ തസ്തികകൾ രണ്ടെണ്ണം മാത്രമാണ് ഉള്ളത്. ഇപ്പോൾ വയർലെസ്സ് കൈകാര്യം ചെയ്യുന്നത് മറ്റ് സ്റ്റേഷനുകളിലെ കോൺസ്റ്റബിൾമാരാണ്. വനിതാ പോലീസിന്റെ ഒഴിവുകളും ലക്ഷദ്വീപ് പോലീസ് സേനയിൽ ധാരാളമാണ്. ഈ കാര്യങ്ങളെല്ലാം ഉദ്ധരിച്ചാണ് ലോക് ജനശക്തി പാർട്ടി ഹോം മിനിസ്ട്രിക്ക് കത്തയച്ചത്. ഉടൻ നടപടികൾ സ്വീകരിക്കണമെന്നും ഒഴിവുകൾ നികത്തണമെന്നും കത്തിൽ പറയുന്നു.

LEAVE A REPLY

Please enter your comment!
Please enter your name here