
ഡൽഹി: ലക്ഷദ്വീപ് ജനത അനുഭവിക്കുന്ന യാത്ര ദുരിതങ്ങൾ കേന്ദ്ര ഷിപ്പിംഗ് മന്ത്രി സർബാനന്ദ സോണോവാളിന്റെ ശ്രദ്ധയിൽപ്പെടുത്താൻ മന്ത്രിയെ നേരിൽ കണ്ട് ചർച്ച നടത്തി എം പി ഹംദുള്ള സഈദ്. ദ്വീപുകളുടെ സുസ്ഥിരമായ സമ്പദ്‌വ്യവസ്ഥയും അടിസ്ഥാന സേവനങ്ങളും ഉറപ്പാക്കുന്നതിന് അത്യന്താപേക്ഷിതമായ കടൽ ഗതാഗതം മെച്ചപ്പെടുത്താൻ കൈക്കൊള്ളേണ്ട ചുവടുകൾ അദ്ദേഹത്തിന്റെ ശ്രദ്ധയിൽപ്പെടുത്തിയതായി എം പി തന്റെ സാമൂഹ്യ മാധ്യമ പോസ്റ്റിൽ പങ്കുവെച്ച കുറിപ്പിൽ പറയുന്നു. നിലവിൽ ലക്ഷദ്വീപിൽ ഉപയോഗത്തിലുള്ള കപ്പലുകളിൽ കൂടുതലും കാലപ്പഴക്കം ചെന്നവയും ശേഷി കുറഞ്ഞവയുമാണ്. ആയതിനാൽ പുതിയ യാത്രാ കപ്പലുകളും ചരക്ക് കപ്പലുകളും അനുവദിക്കണമെന്നും, അഞ്ചു വയസ്സിന് താഴെയുള്ള കുട്ടികൾക്കും ടിക്കറ്റ് ഈടാക്കുന്ന ഇപ്പോഴത്തെ ടിക്കറ്റ് നയം തിരുത്തണമെന്നും അദ്ദേഹം ചർച്ചയിൽ ആവശ്യപ്പെട്ടു.
മുന്നറിയിപ്പ് കൂടാതെ നടപ്പാക്കിയ കപ്പൽ ടിക്കറ്റ് വില വർദ്ധനവിനെതിരെയും ശക്തമായ എതിർപ്പ് രേഖപ്പെടുത്തുകയും ദ്വീപ് ജനതയുടെ ജീവിതത്തെ ബാധിക്കുന്ന ഇത്തരം തീരുമാനങ്ങൾ ആലോചിച്ച് എടുക്കണം എന്ന് ആവശ്യപ്പെടുകയും ചെയ്തു.
