
ആന്ത്രോത്ത്: ലക്ഷദ്വീപ് അഡ്മിനിസ്ട്രേഷന് കീഴിലുള്ള ആന്ത്രോത്ത്, കൽപ്പേനി ദ്വീപുകളിൽ വ്യാജ ചികിത്സാരീതികളുടെയും മറ്റ് മരുന്നുകളുടെയും പരസ്യങ്ങൾ നിരോധിച്ചുകൊണ്ട് ഡെപ്യൂട്ടി കളക്ടർ ഉത്തരവ് പുറപ്പെടുവിച്ചു. 1954-ലെ ഡ്രഗ് ആൻഡ് മാജിക് റെമഡീസ് (ഒബ്ജക്ഷനബിൾ അഡ്വർടൈസ്‌മെന്റ്‌സ്) ആക്ട് പ്രകാരമാണ് ഈ ഉത്തരവ് പുറത്തിറക്കിയിരിക്കുന്നത്. പ്രമേഹം, കാൻസർ, ലൈംഗിക വൈകല്യങ്ങൾ, വന്ധ്യത, അമിതവണ്ണം തുടങ്ങിയ രോഗങ്ങൾക്കുള്ള വ്യാജ ചികിത്സാ രീതികളെയും മരുന്നുകളെയും സംബന്ധിച്ച പരസ്യങ്ങൾക്കാണ് പ്രധാനമായും നിരോധനം ഏർപ്പെടുത്തിയിരിക്കുന്നത്.
എല്ലാ കടയുടമകൾ, മെഡിക്കൽ സ്റ്റോറുകൾ, പരസ്യം അച്ചടിക്കുന്ന ഏജൻസികൾ തുടങ്ങിയവരോട് നിലവിലുള്ള ഇത്തരം പരസ്യങ്ങൾ ഉടൻ നീക്കം ചെയ്യാനും ഭാവിയിൽ ഇത്തരം പരസ്യങ്ങൾ നൽകുകയോ ചെയ്യരുതെന്നും ഉത്തരവിൽ നിർദ്ദേശിച്ചിട്ടുണ്ട്. ഉത്തരവ് ലംഘിക്കുന്നവർക്കെതിരെ കർശന നടപടികൾ സ്വീകരിക്കുമെന്നും മുന്നറിയിപ്പ് നൽകിയിട്ടുണ്ട്.
ഈ വിഷയത്തിൽ എന്തെങ്കിലും വിവരങ്ങൾ നൽകാനോ പരാതിപ്പെടാനോ ഉണ്ടെങ്കിൽ ഡെപ്യൂട്ടി കളക്ടർ, ആന്ത്രോത്ത്/കൽപ്പേനി എന്നിവിടങ്ങളിലെ ഓഫീസുകളുമായി ബന്ധപ്പെടാവുന്നതാണ്.
