
ന്യൂഡൽഹി: ജനവാസമുള്ള ഏറ്റവും ചെറിയ ദ്വീപുകളിലൊന്നായ ബിത്രാ ദ്വീപിനെ പൂർണ്ണമായും ഒഴിപ്പിക്കാനുള്ള ലക്ഷദ്വീപ് ഭരണകൂടത്തിന്റെ നീക്കം അനാവശ്യവും അശാസ്ത്രീയവുമാണെന്ന് ലോക്സഭയിൽ ലക്ഷദ്വീപ് എംപി അഡ്വ. ഹംദുള്ള സഈദ്.
ഈ വിഷയത്തിൽ ഭരണകൂടം ഇറക്കിയ വിജ്ഞാപനം പിൻവലിക്കണമെന്ന് അദ്ദേഹം സഭയിൽ ആവശ്യപ്പെട്ടു. ലോക്സഭയിൽ നടന്ന ചർച്ചയിൽ ബിത്രാ ദ്വീപിന്റെ പ്രാധാന്യം എംപി എടുത്തുപറഞ്ഞു. “ജനവാസമുള്ള ഏറ്റവും ചെറിയ ദ്വീപായിരുന്നിട്ടും ബിത്രാ ദ്വീപ് ലക്ഷദ്വീപിന്റെ സാമ്പത്തിക മേഖലയ്ക്ക് വലിയ സംഭാവന നൽകുന്നുണ്ട്. മറ്റെല്ലാ ദ്വീപുകളിലെയും മത്സ്യത്തൊഴിലാളികൾ മത്സ്യബന്ധനത്തിനായി ഈ കൊച്ചു ദ്വീപിനെയാണ് ആശ്രയിക്കുന്നത്,” അദ്ദേഹം പറഞ്ഞു.
മാതൃരാജ്യത്തിന്റെ പ്രതിരോധ ആവശ്യങ്ങൾക്ക് എപ്പോഴും പിന്തുണ നൽകുന്നവരാണ് ലക്ഷദ്വീപിലെ ജനങ്ങളെന്നും അദ്ദേഹം ഊന്നിപ്പറഞ്ഞു. എന്നിരുന്നാലും, ഇപ്പോൾ ബിത്രാ ദ്വീപിനെ പൂർണ്ണമായും ഒഴിപ്പിക്കാനുള്ള ഭരണകൂടത്തിന്റെ നീക്കം അനാവശ്യവും അശാസ്ത്രീയവുമാണെന്ന് അദ്ദേഹം ചൂണ്ടിക്കാട്ടി. ഈ വിജ്ഞാപനം ഉടൻ പിൻവലിക്കണമെന്ന് എംപി സർക്കാരിനോട് അഭ്യർത്ഥിച്ചു.
