
അമിനി: ലക്ഷദ്വീപ് മുന്‍ എംപി ഡോ. പി. പൂക്കുഞ്ഞിക്കോയ ഇന്ന് രാവിലെ അന്തരിച്ചു. 76 വയസ്സായിരുന്നു. ആരോഗ്യ പ്രശ്‌നങ്ങളെ തുടര്‍ന്ന് കഴിഞ്ഞ കുറച്ചു കാലമായി ചികിത്സയിലായിരുന്നു അദ്ദേഹം. രണ്ടു ദിവസമായി അമിനി ആശുപത്രിയിൽ ചികിത്സയിൽ കഴിയുന്നതിനിടെയാണ് മരണപ്പെട്ടത്.
ജനതാദള്‍ (യുനൈറ്റഡ്) ടിക്കറ്റിൽ മത്സരിച്ച പി. പൂക്കുഞ്ഞിക്കോയ 2004 പൊതുതെരഞ്ഞെടുപ്പില്‍ പി.എം. സഈദിനെ 71 വോട്ടുകള്‍ക്ക് പരാജയപ്പെടുത്തിയാണ് ലോക്‌സഭയിലേക്ക് തിരഞ്ഞെടുക്കപ്പെട്ടത്. ലക്ഷദ്വീപ് ജനതയുടെ ശബ്ദമായി പാർലമെന്റില്‍ അദ്ദേഹം ശക്തമായി നിലകൊണ്ടു. ഗതാഗതം, വിദ്യാഭ്യാസം, ആരോഗ്യസംരക്ഷണം, തൊഴില്‍ വിഭവങ്ങള്‍ എന്നിവ ലക്ഷദ്വീപിലേക്കെത്തിക്കാനുള്ള അദ്ദേഹത്തിന്റെ പരിശ്രമം ഏറെ ശ്രദ്ധേയമായിരുന്നു.
സർക്കാർ സർവ്വീസിൽ മുതിർന്ന ഡോക്ടറായി സേവനം അനുഷ്ഠിച്ചു വരികയായിരുന്ന അദ്ദേഹം ഡോക്ടർ കെ.കെ മുഹമ്മദ് കോയ എന്ന അധികായനായ നേതാവിൻ്റെ വിയോഗത്തെ തുടര്‍ന്ന് സർവ്വീസിൽ നിന്നും രാജി വെച്ച് രാഷ്ട്രീയത്തിലേക്ക് കടന്നുവരികയായിരുന്നു. തുടർന്ന് തോൽവി എന്തെന്ന് അറിയാത്ത പി.എം സഈദ് എന്ന നേതാവിനെതിരെ മത്സരിച്ചു വിജയിക്കുകയായിരുന്നു.
സാമൂഹ്യ പ്രവര്‍ത്തന രംഗത്തും വിദ്യാഭ്യാസ രംഗത്തും നടത്തിയ പ്രവർത്തനങ്ങൾ അദ്ദേഹത്തിൻ്റെ വിജയത്തിന് കാരണമായി. അദ്ദേഹത്തിന്റെ മരണത്തില്‍ വിവിധ രാഷ്ട്രീയ നേതാക്കള്‍ അനുശോചനം രേഖപ്പെടുത്തി.
സാറോമ്മാബിയാണ് ഭാര്യ. എൻ.സി.പി(എസ്.പി) സംസ്ഥാന അധ്യക്ഷൻ അഡ്വ കോയാ അറഫാ മിറാജ്, മുർത്തസാ ഉൾപ്പെടെ മൂന്ന് മക്കളാണ്. സംസ്‌കാരം ഇന്ന് അമിനി ദ്വീപിൽ നടക്കും.
