
കുന്നത്തേരി: പ്രമുഖ പണ്ഡിതനും മദ്രസ്സാ നൂറുൽ ഇർഫാൻ അറബിക് കോളേജ് സീനിയർ മുദരിസുമായിരുന്ന അമിനി ദ്വീപ് സ്വദേശി എൻ. ഹംസക്കോയ ബാഖവി ജസരി ഉസ്താദ് വഫാത്തായി. ആലുവ കുന്നത്തേരി ജുമുഅത്ത് പള്ളിയുടെ സമീപമുള്ള സ്വവസതിയിൽ ഇന്ന് ഉച്ചതിരിഞ്ഞ് മൂന്ന് മണിയോടെയാണ് മരണപ്പെട്ടത്.
ദീർഘകാലമായി ലക്ഷദ്വീപിലെ മതപരവും സാമൂഹികവുമായ മുന്നേറ്റങ്ങൾക്ക് നേതൃത്വപരമായ പങ്കുവഹിച്ച പണ്ഡിതനാണ് ഹംസക്കോയ ബാഖവി ജസരി ഉസ്താദ്. കൊച്ചിയിലും കേരളത്തിലെ മറ്റു ഭാഗങ്ങളിലുമായി ലക്ഷദ്വിപുകാരുടെ മതപരവും സാമൂഹികവുമായ കൂട്ടായ്മകളിലെ നിറസാന്നിധ്യമായിരുന്നു. സ്വൂഫീ സരണിയെ നിരാകരിച്ചു കൊണ്ട് സ്വൂഫിസത്തെ മുസ്ലീം മുഖ്യധാരയിൽ നിന്നും ഒറ്റപ്പെടുത്താനുള്ള ആസൂത്രിതമായ ശ്രമങ്ങൾ നടന്ന ഘട്ടങ്ങളിലെല്ലാം തന്റെ പ്രഭാഷണങ്ങളിലൂടെയും, തൂലികയിലൂടെയും സ്വൂഫീ സരണിയെ മുഖ്യധാരയോടൊപ്പം ചേർത്തു നിർത്തുന്നതിൽ നിസ്തുലമായ പങ്കുവഹിച്ച പണ്ഡിത നേതൃത്വം കൂടിയാണ് ജസരി ഉസ്താദ്. ലക്ഷദ്വീപിലെ പ്രവാചക പരമ്പരകളുടെ ചരിത്രവുമായി ബന്ധപ്പെട്ട് ഗവേഷണങ്ങൾ നടത്തുകയും ആധികാരികമായ രേഖകളുടെ വെളിച്ചത്തിൽ അത് ജനസമക്ഷം സമർപ്പിക്കുകയും ചെയ്തിട്ടുണ്ട്. ദീർഘകാലമായി ആലുവ കുന്നത്തേരി മദ്രസ്സാ നൂറുൽ ഇർഫാൻ അറബിക് കോളേജ് സീനിയർ മുദരിസായി സേവനം അനുഷ്ഠിച്ചു വരികയായിരുന്നു. ഖബറടക്കം ഇന്ന് രാത്രി പത്തു മണിക്ക് കുന്നത്തേരി ജുമുഅത്ത് പള്ളി ഖബർസ്ഥാനിൽ നടക്കും.
