
കവരത്തി: ബിത്രാ ദ്വീപ് പൂർണ്ണമായും പ്രതിരോധ ആവശ്യങ്ങൾക്കായി എന്ന പേരിൽ ഏറ്റെടുക്കാനുള്ള ഭരണകൂടത്തിന്റെ നീക്കത്തിനെതിരെ ലക്ഷദ്വീപിലെമ്പാടും കോൺഗ്രസ് പ്രതിഷേധ സമരങ്ങൾ സംഘടിപ്പിച്ചു.
തദ്ദേശീയരായ ജനങ്ങളോട് കൂടിയാലോചനകൾ നടത്താതെ ഏകപക്ഷീയമായി ലക്ഷദ്വീപ് ഭരണകൂടം സ്വീകരിച്ചിരിക്കുന്ന ഭൂമി ഏറ്റെടുക്കൽ നടപടികൾ ഇന്ത്യൻ ഭരണഘടന പൗരന്മാർക്ക് നൽകുന്ന അവകാശങ്ങൾക്ക് വിരുദ്ധമാണെന്ന് ചൂണ്ടിക്കാട്ടിക്കൊണ്ട് തീരുമാനം പിൻവലിക്കണമെന്ന് ആവശ്യപ്പെട്ടാണ് വിവിധ ദ്വീപുകളിൽ ഡെപ്യൂട്ടി കലക്ടർമാരുടെ ഓഫീസുകളിലേക്ക് കോൺഗ്രസ് പ്രവർത്തകർ പ്രതിഷേധ മാർച്ച് നടത്തിയത്. പ്രതികൂല കാലാവസ്ഥയും ശക്തമായ മഴയും നിലനിൽക്കുമ്പോഴും പ്രവർത്തകർ ആവേശപൂർവ്വം പ്രതിഷേധങ്ങളിൽ പങ്കെടുത്തു. അതാത് ദീപുകളിലെ ബ്ലോക്ക് കോൺഗ്രസ് പ്രസിഡണ്ടുമാരുടെ നേതൃത്വത്തിൽ ഡെപ്യൂട്ടി കലക്ടർമാർ മുഖാന്തരം ഡിസ്ട്രിക്ട് മജിസ്ട്രേറ്റിന് നിവേദനവും നൽകി.
