
കൊച്ചി: ബിത്ര ദ്വീപിലെ മുഴുവൻ ഭൂമിയും പിടിച്ചെടുക്കാനുള്ള ലക്ഷദ്വിപ് ഭരണകൂടത്തിൻ്റെ നീക്കത്തിനെതിരെ കൊച്ചി കൊളംബോ ജംഗ്ഷനിൽ പ്രതിഷേധം സംഘടിപ്പിച്ച് എൽ.എസ്.എ. പ്രതിഷേധം എൽ.എസ്.എ കേന്ദ്ര കമ്മിറ്റി അധ്യക്ഷൻ മിസ്ബാഹുദ്ദീൻ ഉദ്ഘാടനം ചെയ്തു. ബിത്രയിലെ സഹോദരങ്ങളെ കുടിയിറക്കാനുള്ള ലക്ഷദ്വിപ് ഭരണകൂടത്തിൻ്റെ നീക്കത്തെ ജീവൻ കൊടുത്തും തടയിടാൻ എൽ.എസ്.എ മുന്നിൽ തന്നെ ഉണ്ടാവുമെന്ന് മിസ്ബാഹുദ്ദീൻ പറഞ്ഞു.
ഇത്രയും സങ്കീർണ്ണമായ വിഷയത്തിൽ റൂമിൽ ഇരുന്ന് റെക്കോർഡ് ചെയ്ത വീഡിയോയിൽ പോലും പട്ടേൽ എന്നൊരു വാക്ക് പറയാൻ സാധിക്കാത്ത ലക്ഷദ്വിപ് എം.പി എന്തിനെയാണ് ഭയപ്പെടുന്നത് എന്ന് അദ്ദേഹം ചോദിച്ചു. പ്രതിഷേധത്തിൽ പട്ടേൽ, ഹംദുള്ളാ സഈദ് എന്നിവരുടെ ഫോട്ടോയും ബിത്രയിലെ ഭൂമി ഏറ്റെടുക്കൽ വിഷയത്തിൽ ഇറക്കിയ സാമൂഹികാഘാത പഠനത്തിന്റെ നോട്ടിഫിക്കേഷന്റെ പകർപ്പ് എന്നിവ കത്തിച്ചു. എൽ.എസ്.എ കേന്ദ്ര കമ്മിറ്റി ഭാരവാഹികൾ, മുൻ ഭാരവാഹികൾ, എറണാകുളം ജില്ലാ കമ്മിറ്റി നേതാക്കൾ എന്നിവർ പങ്കെടുത്തു.
